ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 300 കടന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ. ട്രംപ് പ്രസിഡന്റായ 2016ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം നേടിയത് 304 വോട്ടുകൾ ആയിരുന്നുവെങ്കിൽ ഇത്തവണ വൈറ്റ് ഹൗസിലേക്ക് എത്തുന്നത് 312 വോട്ടുകൾ സ്വന്തമാക്കിയാണ്. ചാഞ്ചാട്ട സംസ്ഥാനങ്ങളിലൊന്നായ അരിസോണയിലെ വോട്ടെണ്ണൽ കൂടി പൂർത്തിയായതോടെയാണ് ട്രംപിന്റെ രാജകീയ വിജയം.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് 226 ഇലക്ടറൽ വോട്ടുകളിൽ ഒതുങ്ങി. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തന്നെയാണ് ആധിപത്യം. സെനറ്റിൽ 52 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി സ്വന്തമാക്കിയപ്പോൾ 47 സീറ്റുകളിൽ ഡെമോക്രാറ്റുകൾ ഒതുങ്ങി. ജനപ്രതിനിധി സഭയിലെ 209 സീറ്റുകൾ ഡെമോക്രാറ്റുകൾ ഉറപ്പിച്ചെങ്കിലും 216 സീറ്റുകൾ റിപ്പബ്ലിക്കൻമാരാണ് കയ്യടക്കിയത്.
ട്രംപിന്റെ വിജയവും കമലയുടെ പരാജയവും തീരുമാനിച്ചത് അമേരിക്കയിലെ ഏറ്റവും നിർണായമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളായിരുന്നു. അരിസോണ, നെവാദ, വിസ്കോസിൻ, മിഷിഗൺ, പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജി എന്നീ ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളും അർത്ഥശങ്കയ്‌ക്കിടയില്ലാതെ ട്രംപിനൊപ്പം നിന്നതാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നിശ്ചിയിച്ചത്. ഇതിൽ തന്നെ ഏറെ നിർണായകമായത് അരിസോണയായിരുന്നു. ഏറ്റവും അവസാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞതും ഇവിടെയാണ്. 11 ഇലക്ടറൽ വോട്ടുകൾ അടങ്ങുന്ന സ്വിംഗ് സ്റ്റേറ്റാണിത്.
2020ൽ ജോ ബൈഡനൊപ്പമാണ് അരിസോണ നിന്നത്. 1996ൽ ബിൽ ക്ലിന്റണ് ശേഷം ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയോടൊപ്പം അരിസോണ നിലകൊണ്ടത് ബൈഡൻ സ്ഥാനാർത്ഥിയായപ്പോൾ മാത്രമായിരുന്നു. ട്രംപിന്റെ തിരിച്ചുവരവിൽ അരിസോണ വീണ്ടും റിപ്പബ്ലിക്കൻമാരുടെ കൈപ്പിടിയിലായിരിക്കുകയാണ്.
ജനുവരി 20ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതോടെ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരമേൽക്കും.















