ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. മൂന്ന് പേർ പരിക്കേറ്റ് ചികിത്സയിലാണ്. പാര സ്പെഷ്യൽ ഫോഴ്‌സിലുള്ള ജൂനിയർ കമ്മീഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ് ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചത്.
കരസേനയുടെ വൈറ്റ് നൈറ്റ് കോർപ്പ് പങ്കുവച്ച പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികനാണ് വീരമൃത്യു വരിച്ചത്. ഇന്നലെയും ഇന്നുമായി പരിക്കേറ്റ മൂന്ന് സൈനികരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
മേഖലയിൽ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സൈന്യം കിഷ്ത്വാറിലെ വനമേഖലയിൽ തെരച്ചിൽ ആരംഭിച്ചത്.