പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പോകില്ലെന്ന് നിലപാട് വ്യക്തമാക്കിയ ഇന്ത്യക്കെതിരെ അന്താരാഷ്‌ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിക്കാൻ പാകിസ്താൻ. പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിടിഐയാണ് ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന കാര്യം ഐസിസിയെ രേഖാമൂലം അറിയിച്ചെന്ന് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയുമുണ്ടായിട്ടില്ല.
ബിസിസിഐ ഹൈബ്രിഡ് മോഡലാണ് ഐസിസിക്ക് മുന്നിൽ വച്ച പരിഹാര മാർഗമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുബായിലേക്ക് ഇന്ത്യയുടെ മത്സരങ്ങൾ മാറ്റണമെന്നാണ് ആവശ്യം. തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമ ഷെഡ്യൂൾ അവതരിപ്പിക്കുന്നത് ഐസിസി മാറ്റിവച്ചത്. സർക്കാർ നിർദേശമനുസിരിച്ചാണ് പാകിസ്താനിലേക്ക് ഇല്ലെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചതെന്നും പിടിഐ വ്യക്തമാക്കുന്നു.
ടൂർണമെന്റ് ആരംഭിക്കുന്നതിന് 100 ദിവസം മുൻപ് ഷെഡ്യൂൾ പ്രഖ്യാപിക്കാനായിരുന്നു ഐസിസിയുടെ തീരുമാനം. അതേസമയം ഇന്ത്യ വരുന്നില്ലെങ്കിൽ തുടർ നടപടികൾ എങ്ങനെ വേണമെന്ന കാര്യം പാക് സർക്കാരുമായി കൂടിയാലോചിക്കുമെന്ന് ഫെഡറൽ ആഭ്യന്തര മന്ത്രിയും പിസിബി ചെയർമാനുമായ മെഹ്സിൻ നഖ്വി പറഞ്ഞു.