കൊച്ചിയിലെത്തിയ സീപ്ലെയിന്റെ ആദ്യയാത്ര ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യാൻ ഒരുങ്ങുകയാണ്. രാവിലെ 10.30ന് കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കാണ് വിമാനത്തിന്റെ ആദ്യപറക്കൽ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയെ നഖശിഖാന്തം എതിർത്ത സിപിഎം, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അങ്ങനെ സിപിഎമ്മിന്റെ അനാവശ്യ ബലംപിടുത്തത്തിൽ കോടികൾ നഷ്ടം വരുത്തിയ പദ്ധതിയാണ് ഇന്ന് സിപിഎം മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കോടിക്കണക്കിന് തുക ചെലവഴിച്ചായിരുന്നു സീ പ്ലെയിൻ പദ്ധതി കൊണ്ടുവന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി 15 കോടി രൂപയോളം അന്ന് സർക്കാർ ചെലവിട്ടിരുന്നു. അഷ്ടമുടി, പുന്നമട, ബേക്കൽ, കൊച്ചി എന്നിവിടങ്ങളിൽ വിമാനത്താവളം ലക്ഷമിടുകയും ഇതിനായി ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു. എന്നാൽ ജലാശയങ്ങളിൽ വിമാനം ഇറങ്ങിയാൽ മത്സ്യങ്ങൾ ചത്തുപൊങ്ങുമെന്ന് പറഞ്ഞ് സിപിഎം ഇതിനെ എതിർക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളെ മുൻനിർത്തി സമരം ആരംഭിച്ചതോടെ പദ്ധതി പ്രതിസന്ധിയിലായി.
പിന്നീട് വന്ന ഒന്നാം പിണറായി സർക്കാർ പദ്ധതി ഉപേക്ഷിച്ചു. വാങ്ങിയ ഉപകരണങ്ങൾ പൊതുമേഖല സ്ഥാപനങ്ങൾക്ക് കൈമാറി. സ്പീഡ് ബോട്ടുകൾ KTDC-ക്കും ഡിടിപിസിക്കും നൽകി. ബാഗേജ് സ്കാനാർ, എക്സ് റേ മെഷീൻ എന്നിവ വിവിധ സ്ഥാപനങ്ങൾക്ക് നൽകി. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ സീ പ്ലെയിൻ ഇറക്കാനായി ഉണ്ടാക്കിയ കരാറും പിണറായി സർക്കാർ റദ്ദ് ചെയ്തു. ഇതോടെയാണ് കോടികൾ നഷ്ടമായത്.
വേണ്ട മുന്നൊരുക്കങ്ങളും പഠനവും നടത്താതെയാണ് യുഡിഎഫ് സർക്കാർ പദ്ധതി കൊണ്ടുവന്നത് എന്നായിരുന്നു അന്ന് ടൂറിസം മന്ത്രിയായ കടംകപള്ളി സുരേന്ദ്രന്റെ ന്യായീകരണം. ഇപ്പോൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അതേ പദ്ധതി നടപ്പിലാക്കുമ്പോൾ സർക്കാരിന്റെ നേട്ടമായാണ് ഉയർത്തി കാണിക്കാൻ സിപിഎമ്മിന് യാതൊരു മടിയുമില്ല.















