പത്തനംതിട്ട: അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യ(26)നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് കേസിൽ വിധി പ്രഖ്യാപിച്ചത്.
2021 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടാനച്ഛനായ പ്രതി അഞ്ചുവയസുകാരിയെ മർദ്ദിച്ചും പീഡിപ്പിച്ചും കത്തികൊണ്ട് മുറിവേൽപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു. 67 മുറിവുകൾ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ രണ്ടാനച്ഛനാണ് പ്രതിയെന്ന് കണ്ടെത്തിയത്. രാജപാളയത്തിൽ താമസിക്കുമ്പോൾ ഇയാൾ കുട്ടിയെ ഉപദ്രവിച്ചതിനെ തുടർന്ന് പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇവർ പത്തനംതിട്ടയിലേക്ക് താമസം മാറി. തുടർന്നും അലക്‌സ് പാണ്ഡ്യൻ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഭയം കാരണം വിവരം കുട്ടി മറ്റുള്ളവരോട് പറഞ്ഞില്ല. ഇതോടെ ഇയാൾ കുട്ടിയെ നിരന്തരമായി ഉപദ്രവിക്കുകയായിരുന്നു.
പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്. ജയകുമാർ ജോൺ, കേസിൽ അലക്‌സ് പാണ്ഡ്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം, പോക്‌സോ, ജുവൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ 16 കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.















