ന്യൂയോർക്ക്: പ്രഥമവനിത ജിൽ ബൈഡൻ നിയുക്ത പ്രഥമ വനിതയ്‌ക്കായി വൈറ്റ് ഹൗസിൽ ഒരുക്കുന്ന വിരുന്നിൽ മെലാനിയ ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഓവൽ ഓഫീസിൽ നിയുക്ത പ്രസിഡന്റിനായി വിരുന്ന് നൽകാറുണ്ട്. സമാനമായി പ്രഥമ വനിതയും തന്റെ പിൻഗാമിയെ ഔദ്യോഗിക വസതിയിൽ ചായ സത്കാരത്തിന് ക്ഷണിക്കുന്നതാണ് വർഷങ്ങളായി തുടരുന്ന പതിവ്.
2016ലെ തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് ശേഷം അന്നത്തെ പ്രഥമ വനിതയായിരുന്ന മിഷേൽ ഒബാമ ഒരുക്കിയ സത്കാരത്തിൽ മെലാനിയ പങ്കെടുത്തിരുന്നു. എന്നാൽ 2020ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് മെലാനിയ ട്രംപും ജിൽ ബൈഡനും ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. 2020ലെ തെരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയി താനാണെന്ന് അന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
തുടർന്ന് അതേവർഷം ജോ ബൈഡനെ പ്രത്യേകം ചടങ്ങിലേക്ക് ക്ഷണിക്കാനും ട്രംപ് അന്ന് തയ്യാറായിരുന്നില്ല. സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ പ്രതീകമായിട്ടാണ് ഇത്തരമൊരു ചടങ്ങ് വൈറ്റ് ഹൗസിൽ സംഘടിപ്പിക്കുന്നത്. അതേസമയം ബൈഡന്റെ ആതിഥേയത്വം സ്വീകരിച്ച് ട്രംപ് നാളെ 11 മണിക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.
ട്രംപ് വിജയിച്ചതിന് ശേഷവും മെലാനിയയും ജിൽ ബൈഡനും നേരിട്ട് സംസാരിക്കാൻ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. വിജയപ്രഖ്യാപനത്തിന് ശേഷം ജോ ബൈഡനും ട്രംപും തമ്മിൽ ഫോൺ സംഭാഷണം നടത്തുകയും, ബൈഡൻ ട്രംപിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 2025 ജനുവരിയിൽ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. പരമ്പരാഗത ചടങ്ങുകൾ അനുസരിച്ച് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആണ് നിയുക്ത പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നത്.