മുംബൈ: മഹാ വികാസ് അഘാഡിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹരാഷ്‌ട്രയുടെ വികസനങ്ങൾക്ക് തടസം നിൽക്കാനാണ് മഹാ വികാസ് അഘാഡി സഖ്യം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ചന്ദ്രാപൂരിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” മഹാരാഷ്‌ട്രയുടെ വികസന പദ്ധതികൾ മുക്കുന്നവരാണ് മഹാ വികാസ് അഘാഡി നേതാക്കൾ. അഴിമതിയിൽ പിഎച്ച്ഡി എടുത്തവരാണവർ. വികസനങ്ങൾക്ക് എങ്ങനെ തടയിടാമെന്നാണ് അവർ ഓരോ ദിവസവും ചിന്തിക്കുന്നത്. കോൺഗ്രസും ഇതിൽ നിന്ന് വിഭിന്നമല്ല. ”- പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്‌ട്രയിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ മഹാ വികാസ് അഘാഡി എത്രത്തോളം വീഴ്‌ച്ചകൾ വരുത്തിയിട്ടുണ്ടെന്ന് ചാന്ദ്രാപൂരിലെ ജനങ്ങൾക്കറിയാം. ഇവിടുത്തെ ജനങ്ങൾ വികസനമില്ലായ്മയ്‌ക്ക് ഇരയായവരാണ്. എന്നാൽ മഹായുതി സർക്കാർ അധികാരത്തിലേറിയതോടെ മഹാരാഷ്‌ട്രയിലെ ജനങ്ങൾ വികസനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മഹാരാഷ്‌ട്രയുടെ ഓരോ കോണിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയെന്നതാണ് മഹായുതി സർക്കാരിന്റെയും ബിജെപിയുടെയും ലക്ഷ്യം. മഹാരാഷ്‌ട്രയ്‌ക്ക് ഡബിൾ എഞ്ചിൻ സർക്കാർ ആവശ്യമാണ്.
ഇന്ന് നിരവധി വിദേശ നിക്ഷേപങ്ങൾ മഹാരാഷ്‌ട്രയെ തേടിയെത്തുന്നു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നു. വന്ദേഭാരത് ട്രെയിനുകളും വികസന പദ്ധതികളുടെ ഭാഗമായി മഹാരാഷ്‌ട്രയിലുടനീളം ഓടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ 288 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും. നവംബർ 23 നാണ് വോട്ടെണ്ണൽ.