പണത്തിന് പിന്നാലെ പാഞ്ഞ് മരണത്തെ മാടി വിളിക്കുന്ന ഗെയിമിന്റെ ചതിക്കുഴിയിൽ അകപ്പെട്ട കഥാനായകൻ! നെറ്റ്ഫ്ളിക്സിൽ ഒന്നാകെ തരംഗം സൃഷ്ടിച്ചാണ് കൊറിയൻ ഡ്രാമയായ സ്‌ക്വിഡ് ഗെയിം റിലീസായത്. ആഗോളതലത്തിൽ വമ്പൻ ഹിറ്റായ സീരിസിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെ സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് സംവിധായകൻ ഹ്വാങ് ഡോങ് ഹ്യൂക്ക് പങ്കുവച്ച വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
സിരീസിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് തനിക്ക് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. മാനസിക സംഘർഷങ്ങൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇതുവരെ തനിക്ക് 9 പല്ലുകൾ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സ്‌ക്വിഡ് ഗെയിമിന് രണ്ടാം ഭാഗം വേണമെന്നുണ്ടായിരുന്നില്ല. എന്നാൽ ആദ്യ ഭാഗം ആഗോളതലത്തിലടക്കം വൻ ഹിറ്റായതോടെയാണ് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചിന്ത വന്നത്. എന്നാൽ കഥ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സീരീസിന്റെ ആദ്യ ഭാഗത്തിൽ നായകൻ ഒഴികെയുള്ളവർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനാൽ മറ്റ് കഥാപാത്രങ്ങളെ കണ്ടെത്തണം, പുതിയ ഗെയിമുകൾക്കായുള്ള സെറ്റിടണം തുടങ്ങി നിരവധി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്. ഇത് തന്റെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതാണെന്നും ഹ്വാങ് ഡോങ് ഹ്യൂക്ക് വ്യക്തമാക്കി.