എം.എ നിഷാദ് സംവിധാനം ചെയ്ത ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രം നവംബർ എട്ടിനാണ് തിയേറ്ററിലെത്തിയത്. ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിൽ സ്വാസിക വിജയ്, ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്,സമുദ്രക്കനി, അശോകൻ എന്നിവർക്കാെപ്പം സംവിധായകൻ നിഷാദും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
തിയേറ്ററിൽ നിന്ന് അത്ര ശുഭകരമായ പ്രതികരണമല്ല അന്വേഷണത്തിന് ലഭിക്കുന്നത്. സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ പ്രധാന നെഗറ്റീവായി ആരാധകർ പറയുന്നത് വലിച്ചുനീട്ടലാണ്. മൂന്നു മണിക്കൂർ നീളുന്ന ചിത്രം അസഹനീയമെന്നാണ് ആരാധകരുടെ പക്ഷം. തിരക്കഥയിലെ കല്ലുക്കടിയും അവരുടെ ക്ഷമ പരീക്ഷിക്കുന്നുണ്ടെന്നാണ് ആരോപണങ്ങൾ.
സാക് നിൽക് കണക്ക് പ്രകാരം ചിത്രം ഇതുവരെ ബോക്സോഫീസിൽ നിന്ന് 34 ലക്ഷം രൂപ മാത്രമാണ് നേടിയത്. ചെറുതും വലുതുമായി 60-ലേറെ ആർട്ടിസ്റ്റുകൾ അണിനിരന്ന ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. വിവേക് മേനോനാണ് ഛായാഗ്രാഹകൻ. ജോൺകുട്ടി ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.
സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, ഗൗരി പാർവ്വതി, പ്രശാന്ത് അലക്സാണ്ടർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, ബൈജു എന്നിവരും ചിത്രത്തിലുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എം.എ നിഷാദിന്റെ അയ്യർ ഇൻ അറേബ്യ എന്ന കഴിഞ്ഞ ചിത്രം ബോക്സോഫീസിൽ ദുരന്തമായിരുന്നു. ഇതിന്റെ ക്ഷീണം തീർക്കുമോ എന്നാണ് ഇനി അറിയേണ്ടത്.