കോട്ടയം: കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചുവെന്ന് ഡിസി ബുക്‌സ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഡിസി ബുക്‌സിന്റെ അറിയിപ്പ്. മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥയെന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിക്കാനിരുന്നത്. പുസ്തകത്തിലെ ഉളളടക്കത്തിന്റെ ചില ഭാഗങ്ങൾ പുറത്തുവന്നത് വിവാദവുമായതിന് പിന്നാലെ പുസ്തകം തന്റേതല്ലെന്ന് പ്രതികരിച്ച് ഇപി ജയരാജനും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രസാധനം നീട്ടിയതായി ഡിസി ബുക്‌സ് അറിയിച്ചിരിക്കുന്നത്.
നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്നാണ് ഡിസി വിശദമാക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും സോഷ്യൽ മീഡിയ അറിയിപ്പിൽ കൂട്ടിച്ചേർക്കുന്നു. ഉളളടക്കത്തെ സംബന്ധിച്ച് ഉയർന്ന വിവാദങ്ങളെക്കുറിച്ചും പുസ്തകം തന്റേതല്ലെന്ന ഇപി ജയരാജന്റെ പരാമർശത്തെക്കുറിച്ചും ഡിസി ബുക്‌സ് പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെ 10.30 ക്ക് പുസ്തകം പുറത്തിറക്കുമെന്നാണ് ഡിസി ബുക്‌സ് നേരത്തെ അറിയിച്ചിരുന്നത്.
പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇ.പി. ജയരാജന്റെ ‘കട്ടൻചായയും പരിപ്പുവടയും- ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ ഉടൻ വരുന്നു ഡിസി ബുക്സിലൂടെ… എന്ന പരസ്യവാചകത്തോടെയാണ് ഇന്നലെ ഡിസിയുടെ ഫേസ്ബുക്ക് പേജുകളിലൂടെയും മറ്റും പുസ്തകത്തിന്റെ പുറംചട്ട പുറത്തുവിട്ടത്. ഇന്ന് രാവിലെയോടെ പുസ്തത്തിലെ ഉള്ളടക്കത്തിന്റെ ചില ഭാഗങ്ങളും പുറത്തുവന്നു. സീറ്റ് കിട്ടാത്തതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തി പാലക്കാട് മത്സരിക്കുന്ന സരിനെതിരെ ഉൾപ്പെടെ പുസ്തകത്തിൽ പരാമർശം ഉണ്ടായിരുന്നു.
അവസരവാദ രാഷ്‌ട്രീയത്തെക്കുറിച്ച് പരാമർശിക്കവേ ആയിരുന്നു സരിന്റെ പേരും പരാമർശിച്ചിരിക്കുന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കിയത് പ്രയാസമുണ്ടാക്കിയെന്നും കേന്ദ്ര കമ്മിറ്റിയംഗമായ തനിക്കെതിരായ വിഷയങ്ങൾ ആ തലത്തിലാണ് ചർച്ചയാകേണ്ടതെന്നും ഉൾപ്പെടെയുളള പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നത്. മാദ്ധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കിയതോടെ പുസ്തകം തന്റേതല്ലെന്ന് പ്രതികരിച്ച് ഇപി ജയരാജനും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരായി വാർത്തകൾ സൃഷ്ടിക്കാനുളള ബോധപൂർവ്വമായ ശ്രമമാണ്. അതിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജൻ ആരോപിച്ചു. സ്ഥാനാർത്ഥികളെക്കുറിച്ചുളള പരാമർശം ബോധപൂർവ്വം ഉണ്ടാക്കിയിട്ടുള്ളതാണ്. ഡിസി ബുക്‌സിന്റെ സോഷ്യൽ മീഡിയ പേജിൽ പുസ്തകത്തിന്റെ പുറംചട്ട ഉൾപ്പെടെ പുറത്തുവിട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ താൻ അത് കണ്ടില്ലെന്ന് ആയിരുന്നു പ്രതികരണം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മാതൃഭൂമി ബുക്‌സിൽ നിന്ന് വിളിച്ചത്. തനിക്ക് താൽപര്യമുണ്ടെന്നും ആലോചിക്കാമെന്നുമാണ് പറഞ്ഞത്. അതുകൊണ്ടു തന്നെ ഡിസി ബുക്‌സുമായി ഒരു ധാരണയുമില്ലെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു.