തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഗൂഢാലോചനയ്‌ക്ക് പിന്നിൽ ആരാണെന്ന് ഇപി വ്യക്തമാക്കണമെന്ന് എം ടി രമേശ് പറഞ്ഞു. തന്റെ ആത്മകഥ ഇതല്ലെന്നും പിന്നിൽ വൻ ഗൂഢാലോചനയാണെന്നുമാണ് ഇപിയുടെ വാദം. കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും എം ടി രമേശ് പറഞ്ഞു.
” കട്ടൻ ചായയും പരിപ്പുവടയും തന്റെ പുസ്തകമല്ലെന്നാണ് ഇപി ജയരാജന്റെ വാദം. പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ആരാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്ന് ഇപി വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് ദിവസം ബുക്ക് ചർച്ച ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ ആരാണെന്നും ഇപി ജയരാജൻ പറയണം.”- എം ടി രമേശ് പറഞ്ഞു.
സിപിഎമ്മിനകത്ത് ഇപിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെങ്കിൽ അവർ ആരൊക്കെയെന്ന് വെളിപ്പെടുത്തേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇക്കാര്യങ്ങളിൽ ഇപി ജയരാജൻ വ്യക്തത വരുത്താത്തതെന്നും എം ടി രമേശ് ചോദിച്ചു.
അതേസമയം ആത്മകഥാ വിവാദത്തിൽ ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകി. തന്റെ ആത്മകഥ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണെന്നും താൻ എഴുതിയ ഉള്ളതടക്കങ്ങളല്ലെന്നുമാണ് ഇപി പറയുന്നത്. സംഭവത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















