ടെഹ്റാൻ: രണ്ടുപതിറ്റാണ്ടിനിടെ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത ‘സീരിയൽ റേപ്പിസ്റ്റ്’ മുഹമ്മദ് അലി സലാമത്തിന്റെ വധശിക്ഷ പരസ്യമായി നടപ്പിലാക്കി ഇറാൻ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇയാളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്. തുടർന്ന് നവംബർ 12ന് ശിക്ഷാവിധി നടപ്പിലാക്കുകയായിരുന്നു.
ഇരുന്നൂറിലധികം സ്ത്രീകളെയാണ് മുഹമ്മദ് അലി സലാമത്ത് പീഡിപ്പിച്ചത്. 43-കാരനായ സലാമത്ത് നഗരത്തിൽ ഒരു ജിം സെന്ററും ഫാർമസിയും നടത്തിവരികയായിരുന്നു. ഇതിന്റെ മറവിലായിരുന്നു പ്രതിയുടെ കുറ്റകൃത്യങ്ങൾ. കഴിഞ്ഞ ജനുവരിയിലാണ് സലാമത്ത് അറസ്റ്റിലായത്. തുടർന്ന് ഇയാൾ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും ഇറാനിൽ അരങ്ങേറിയിരുന്നു.
വിവാഹാഭ്യർത്ഥന നടത്തുകയോ ഡേറ്റിംഗിന് ക്ഷണിക്കുകയോ ചെയ്തതിന് പിന്നാലെയായിരുന്നു ഒട്ടുമിക്ക സ്ത്രീകളെയും ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്. ഇതിൽ പലർക്കും ഗർഭനിരോധന ഗുളികകളും ഇയാൾ നൽകിയിരുന്നു. ഇറാനിൽ അബോർഷൻ മരുന്നുകൾ വാങ്ങുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. രാജ്യത്ത് ഏറ്റവുമധികം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചത് മുഹമ്മദ് അലിയാണെന്നും കേസിൽ ചൂണ്ടിക്കാട്ടുന്നു.
20 കുട്ടികളെ പീഡിപ്പിച്ച് കൊന്ന 24-കാരന്റെ വധശിക്ഷ പരസ്യമായാണ് ഇറാൻ നടപ്പിലാക്കിയിരുന്നത്. 2005ലായിരുന്നു സംഭവം. ഏറ്റവുമധികം വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇതിനെതിരെ പല മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.