തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിനെയും കേന്ദ്രമന്ത്രി ജോർജ് കുര്യനെയും പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ. കടലിലെ കൃത്രിമപാരുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ഫിഷറീസ് സീ റാഞ്ചിങ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സജി ചെറിയാന്റെ വാക്കുകൾ. കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രിയായ ജോർജ് കുര്യൻ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
കേരളത്തിന്റെ വികസനത്തോട് അനുഭാവ പൂർണമായ സമീപനമാണെന്ന് സജി ചെറിയാൻ പറഞ്ഞു. അഞ്ചുതെങ്ങ് പദ്ധതിക്ക് 176 കോടി രൂപയുടെ സഹായം നൽകി, കേന്ദ്രത്തിന് നന്ദി. സംസ്ഥാനത്തെ സഹായിക്കുവാനുള്ള കേന്ദ്രസർക്കാർ നടപടിക്ക് അഭിനന്ദനം അറിയിച്ച
സജി ചെറിയാൻ ജോർജ് കുര്യന്റേത് നല്ല തുടക്കമാണെന്നും കൂട്ടിച്ചേർത്തു. കാര്യം പറഞ്ഞാൽ മനസ്സിലാക്കുന്ന മന്ത്രിയാണ്. ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യും. ഇല്ലെങ്കിൽ പറ്റില്ലെന്ന് പറയും. അങ്ങനെയാണ് മന്ത്രിമാർ ചെയ്യേണ്ടതെന്നും സജി ചെറിയാൻ പറഞ്ഞു.
കഴിഞ്ഞ കേന്ദ്രമന്ത്രി വലിയ സഹായം നൽകി. പിന്നാലെത്തിയ ജോർജ് കുര്യൻ മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് പരിഹാരം കണ്ടത് സന്തോഷമുള്ള കാര്യം. 167 കോടിയുടെ പദ്ധതിക്ക് അംഗീകാരവും നൽകി അതിന് ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു സജി ചെറിയാൻ പറഞ്ഞു.
കേന്ദ്രസർക്കാർ കേരളത്തോട് അവഗണന കാണിക്കുന്നു എന്ന് ഇടത് മന്ത്രിമാർ നിരന്തരം പറയുമ്പോഴാണ് സജി ചെറിയാന്റെ അഭിനന്ദ പ്രവാഹം. തീരക്കടലിൽ മത്സ്യസമ്പത്തിന്റെ വർധനവിനായിട്ടാണ് പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയുടെ കീഴിൽ കൃത്രിമപ്പാരിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. വിഴിഞ്ഞം നോർത്ത് ഹാർബറിലായിരുന്നു പരിപാടി.