ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ ആദ്യ കൂടിക്കാഴ്ച നടത്തി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനുവരിയിൽ സുഗമമായ അധികാര കൈമാറ്റം നടപ്പാക്കുമെന്ന് ബൈഡൻ ട്രംപിന് ഉറപ്പ് നൽകി. ട്രംപിനും പുതിയ നേതൃനിരയ്‌ക്കും സൗകര്യപ്രദമായ രീതിയിൽ എല്ലാ കാര്യങ്ങളും ഒരുക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും തങ്ങൾ ചെയ്യുമെന്നും ബൈഡൻ ട്രംപിന് ഉറപ്പ് നൽകി.
രാഷ്‌ട്രീയം എന്ന കടുപ്പമാണെന്നും, പല കാര്യങ്ങളിലും അത് മനോഹരമായി ലോകമായി തോന്നില്ലെന്നുമാണ് ട്രംപ് ബൈഡന് മറുപടി നൽകിയത്. ഇപ്പോൾ ഇത് മനോഹരമായ ഒരു ലോകമാണ്. സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കിയതിൽ അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം വൈറ്റ്ഹൗസിൽ ഒരുക്കിയ വിരുന്നിൽ നിന്ന് നിയുക്ത പ്രഥമ വനിത മെലാനിയ ട്രംപ് വിട്ടുനിന്നു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഓവൽ ഓഫീസിൽ നിയുക്ത പ്രസിഡന്റിനായി വിരുന്ന് നൽകാറുണ്ട്. മെലാനിയ ട്രംപ് ഇതില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.സമാനമായി പ്രഥമ വനിതയും തന്റെ പിൻഗാമിയെ ഔദ്യോഗിക വസതിയിൽ ചായ സത്കാരത്തിന് ക്ഷണിക്കുന്നതാണ് വർഷങ്ങളായി തുടരുന്ന പതിവ്. 2016ലെ തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് ശേഷം അന്നത്തെ പ്രഥമ വനിതയായിരുന്ന മിഷേൽ ഒബാമ ഒരുക്കിയ സത്കാരത്തിൽ മെലാനിയ പങ്കെടുത്തിരുന്നു. എന്നാൽ 2020ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്ന് മെലാനിയ ട്രംപും ജിൽ ബൈഡനും ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല.
ജോ ബൈഡനൊപ്പം സ്ഥാനമൊഴിയുന്ന പ്രഥമ വനിത ജിൽ ബൈഡനും കൂടി ചേർന്നാണ് ട്രംപിനെ സ്വാഗതം ചെയ്തത്. മെലാനിയ ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് ബൈഡനും മെലാനിയയും ചേർന്ന് ട്രംപിന് കൈമാറിയതായും വൈറ്റ് ഹൗസ് അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ജെഫ് സിയന്റ്സ്, നിയുക്ത ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവർ മാത്രമാണ് കൂടിക്കാഴ്ചയിൽ ബൈഡനും ട്രംപിനുമൊപ്പം ചേർന്നത്.
312 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് മൂന്നാം വട്ടം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന് 226 വോട്ടുകൾ മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 270 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ തന്നെ ട്രംപ് സ്വയം വിജയപ്രഖ്യാപനം നടത്തിയിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനും, പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നത് ജനുവരി 20നുമാണ്.















