അത്യപൂർവ്വമായൊരു പ്രകൃതി പ്രതിഭാസത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. മഞ്ഞുമൂടി വെള്ളപുതച്ച മലനിരകളിലൂടെ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്. ഫോട്ടോഗ്രാഫർ ജെറോൻ വാൻ ന്യൂവെൻഹോവ് ആണ് ഈ മനോഹര ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തൊട്ടുപിന്നാലെ വീഡിയോ വൈറലായി മാറുകയും ചെയ്തു.
ഐസ്‌ലൻഡിലെ സുന്ദുകാഗിഗറിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. വീഡിയോയിൽ ആവി രൂപപ്പെടാതെ മഞ്ഞിന് മുകളിലൂടെ ഒഴുകുന്ന ചൂടുള്ള ലാവ കണ്ട് പലരും ഒരു നിമിഷം സംശയിച്ചു. ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാകാമെന്നും ചിലർ കമന്റ് ചെയ്തു. എന്നാൽ ഇതിനെല്ലാം വിശദീകരണവുമായി ചിത്രം പകർത്തിയ ന്യൂവെൻഹോവ് തന്നെ രംഗത്തെത്തി.
ചൂടുള്ള ലാവാ ഒഴുകിയിട്ടും മഞ്ഞിൽ നിന്നും നീരാവി ഉയരുന്നില്ലെന്നതായിരുന്നു പലരുടെയും സംശയം. മഞ്ഞിനു മുകളിലൂടെ ഒഴുകുന്ന ലാവയുടെ തീവ്രമായ ചൂട് ഉപരിതലത്തിൽ ഒരു നേർത്ത നീരാവി പാളി സൃഷ്ടിക്കുന്നു. ഇത് താഴത്തെ പാളികൾ പെട്ടന്ന് ഉരുകുന്നത് തടയും. ലാവാ വളരെ വേഗത്തിൽ ഒഴുകുന്നതിനാൽ മഞ്ഞുരുകുന്നതിന് മുൻപ് തന്നെ വലിയൊരു ഭാഗം മൂടപ്പെടുന്നു. ലൈഡൻഫ്രോസ്റ്റ് എഫക്ടിന് സമാനമാണിതെന്നും ന്യൂവെൻഹോവ് പറഞ്ഞു.
View this post on Instagram