ആലപ്പുഴ: കായംകുളത്ത് സിപിഎം മുൻ നേതാവായ പ്രതിക്ക് ജാമ്യം കിട്ടാൻ വ്യാജരേഖ ഹാജരാക്കിയതായി പരാതി. CPM ബ്രാഞ്ച് സെക്രട്ടറിയായ വനിതാ പഞ്ചായത്തംഗം ശ്യാമ വേണു കരം അടച്ചതിന്റെ വ്യാജ രസീത് ഹാജരാക്കിയെന്നാണ് വിവരം. സിപിഎം പുതുപ്പള്ളി മുൻ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ സിബി ശിവരാജന് വേണ്ടിയാണ് വ്യാജരേഖ ഹാജരാക്കിയത്.
മുൻ കാപ്പ കേസ് പ്രതിയും ബിരിയാണി ചലഞ്ചിലെ പ്രതിയുമാണ് സിബി ശിവരാജൻ. വനിതാ പഞ്ചായത്തംഗം ഹാജരാക്കിയ കരം അടച്ച രസീത് സ്വന്തമല്ലാത്ത വസ്തുവിൻ്റേതെന്നാണ് കണ്ടെത്തൽ. പഞ്ചായത്തംഗം കരമടച്ച രസീതിൽ അവകാശപ്പെടുന്ന ഭൂമി മറ്റൊരാളുടേതാണെന്ന് വ്യക്തമായി.
2017ൽ സിബി ശിവരാജൻ പ്രതിയായ കേസിലാണ് ജാമ്യം ലഭിക്കാൻ വ്യാജ രേഖ കോടതിയിൽ ഹാജരാക്കിയത്. കരമടച്ചതിന്റെ വ്യാജരസീത് കോടതിയിലും പൊലീസ് സ്റ്റേഷനിലും ശ്യാമ വേണു ഹാജരാക്കിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി ജാമ്യം നേടുകയും ചെയ്തു. ഇതുസംബന്ധിച്ച വിവരാവകാശ രേഖ പുറത്തുവന്നപ്പോഴാണ് പഞ്ചായത്തംഗവും പ്രതിയും ചേർന്ന് കോടതിയെ വഞ്ചിച്ചെന്ന വിവരം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ പരാതിയെത്തിയിട്ടുണ്ട്.