നടൻ സൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫാൻ്റസി ആക്ഷൻ ത്രില്ലർ കങ്കുവ ഒടുവിൽ തിയേറ്ററുകളിൽ എത്തി. ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആന്ധ്രാപ്രദേശിലും കേരളത്തിലും അതിരാവിലെ ഷോകൾ ഉണ്ടായിരുന്നു. എന്നാൽ ആദ്യപ്രതികരണങ്ങൾ പുറത്തുവരുമ്പോൾ ചിത്രത്തിന് പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാനായിട്ടില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യഘട്ടങ്ങളിൽ ലഭ്യമാകുന്നത്.
ചിത്രത്തിന്റെ സ്ക്രിപ്റ്റിലും നടൻ സൂര്യയുടെ പ്രകടനത്തിലും ആരാധകർ ചിലരെങ്കിലും തൃപ്തരല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സ്ക്രിപ്റ്റിലെ പോരായ്മകളുണ്ടെങ്കിലും വിഎഫ്എക്‌സും പശ്ചാത്തല സംഗീതവും മികച്ചതായിരുന്നെന്നാണ് സിനിമകണ്ടിറങ്ങിയവരുടെ അഭിപ്രായം. എന്നാൽ രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇറങ്ങിയ പടം പ്രതീക്ഷിച്ച അത്ര വന്നില്ലെന്നും ആരാധകർ പറയുന്നു
ചിത്രത്തിന്റെ രണ്ടാം പകുതിയും ക്ലൈമാക്സ് സീക്വൻസുകളും മികച്ചതായിരുന്നുവെന്നാണ് പൊതുവിലുള്ള അഭിപ്രായം. “കങ്കുവ രണ്ടാം ഭാഗത്തേക്കുള്ള സൂചന ക്ലൈമാക്സ് രംഗങ്ങളിലുണ്ട്. ആദ്യപകുതിയിൽ നല്ല രീതിയിൽ ലാഗുണ്ട്. സൂര്യയുടെ അഭിനയം മികച്ചതായിരുന്നു, പടം തരക്കേടില്ല, ഒരു ആവറേജ് ഫീലാണ്” സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിലൊരാൾ പ്രതികരിച്ചു.
മധ്യകാലഘട്ടത്തിലെ ഒരു ഫാൻ്റസി ആക്ഷൻ-ത്രില്ലറാണ് കങ്കുവ. ഒരു ഗോത്ര യോദ്ധാവായിട്ടാണ് സൂര്യ ചിത്രത്തിലെത്തുന്നത്. ബോബി ഡിയോൾ പ്രധാന പ്രതിനായകനായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ദിഷ പടാനിയാണ് നായിക. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.