തിരുവനന്തപുരം: ഞായറാഴ്ച ഭോപ്പാലിൽ നടക്കുന്ന ദേശീയ സ്കൂൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ റെയിൽവെ ടിക്കറ്റ് കിട്ടാതെ കുടുങ്ങിയത് പരിശീലകരും ടീം മാനേജരും താരങ്ങളുമടക്കം 24 പേർ. ഭാവി താരങ്ങൾക്ക് കേരളത്തിൽ നേരിടേണ്ടിവന്നത് വലിയ അവഗണ. മണിക്കൂറുകൾ റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന താരങ്ങളും പരിശീലകരും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയതോട വിദ്യാഭ്യാസ വകുപ്പ് തടിതപ്പാൻ ഇടപെട്ടു.
നവംബർ 17ന് ഭോപ്പാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും തേർഡ് എ സി ടിക്കറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തു നൽകിയിരുന്നു. ടിക്കറ്റ് കൺഫേം ചെയ്യാൻ മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ ടിക്കറ്റുകൾ കൺഫേം ആയില്ലെന്നുമാണ് വിശദീകരണം.
അണ്ടർ 17,19 വിഭാഗത്തിൽ മത്സരിക്കുന്ന താരങ്ങൾ നിസാമുദ്ദീൻ മംഗള എക്സ്പ്രസിലാണ് പോകേണ്ടിയിരുന്നത്. കാത്തിരിപ്പ് മണിക്കൂറുകൾ നീളുകയും സർക്കാരിന്റെ വീഴ്ച പൊതുസമൂഹം ചോദ്യം ചെയ്തതോടെയുമാണ് രക്ഷയില്ലാതെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടത്. അവർക്ക് വിമാനത്തിൽ പോകാൻ അവസരമൊക്കുമെന്നും ടിക്കറ്റെടുക്കാൻ മന്ത്രി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകിയെന്നും വകുപ്പ് പ്രസ്താവനയിറക്കി. .