സൂര്യ വേറിട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുമ്പോൾ സിനിമയെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളുമായി നടനും സംവിധായകൻ സിരുത്തൈ ശിവയുടെ സഹോദരനുമായ ബാല. സിനിമ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ചിത്രത്തിന്റെ കഥയും ക്ലൈമാക്സും തികച്ചും മനോഹരമാണെന്നും ബാല പറഞ്ഞു. ഭാര്യ കോകിലയോടൊപ്പമാണ് ബാല കങ്കുവ കാണാനെത്തിയത്. സിനിമ കണ്ടതിന് ശേഷം ഓൺലൈൻ മാദ്ധ്യമങ്ങളോടായിരുന്നു താരത്തിന്റെ പ്രതികരണം.
എന്റെ സഹോദരന്റെ സിനിമ ആയതുകൊണ്ട് പറയുന്നതല്ല, എനിക്ക് ഒരുപാട് ഇഷ്ടമായി. ചില സീനുകൾ കണ്ടപ്പോൾ രോമാഞ്ചം തോന്നി. ചിത്രത്തിന്റെ കാമറ ചെയ്ത വെട്രി പളനിസ്വാമി എന്റെയൊപ്പം കളിച്ചുവളർന്ന ആളാണ്. ചെറുപ്പം മുതൽ എപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് ഉണ്ടായിരുന്നത്.
ചിത്രത്തിന്റെ ട്വിസ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടമായി. എന്റെ ചേട്ടനെ കുറിച്ച് ഞാൻ പൊക്കി പറയുന്നത് ശരിയല്ല. ഇതേ കുറിച്ച് ഞങ്ങൾ ഫോണിൽ സംസാരിച്ചോളാം. ഒട്ടും പ്രതീക്ഷിക്കാത്ത വേറെ ലെവൽ ക്ലൈമാക്സാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായി. മനസ് നിറഞ്ഞു. കങ്കുവയിൽ എനിക്കും ഒരു വേഷമുണ്ടായിരുന്നു. പക്ഷേ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് അത് ചെയ്യാൻ സാധിക്കാത്തതെന്നും ബാല പറഞ്ഞു.
പ്രേക്ഷകർ വലിയ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കങ്കുവ. എന്നാൽ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. പിന്നീട് പ്രേക്ഷകർ വലിയ തോതിൽ വിമർശനങ്ങളും ഉന്നയിക്കാൻ തുടങ്ങിയിരുന്നു. മേക്കിംഗിനും കഥയ്‌ക്കും സംഗീതത്തിനും മോശം പ്രതികരണമാണ് ലഭിച്ചത്.















