പരാഗ്വെ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്‌ക്ക് വീണ്ടും തോൽവി. പരാഗ്വെയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾ വഴങ്ങിയായിരുന്നു ലോകചാമ്പ്യന്മാരുടെ തോൽവി. ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ മൂന്നാം തോൽവിയാണിത്.
11-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് പാസ് ചെയ്ത പന്ത് ലൗട്ടാരോ മാർട്ടിനസിന്റെ കാലുകളിൽ എത്തിയതോടെ പരാഗ്വെയുടെ ഗോൾവല തകർന്നു. വാർ പരിശോധനയ്‌ക്ക് ശേഷമാണ് അർജന്റീനയ്‌ക്ക് ആദ്യ ഗോൾ അനുവദിക്കപ്പെട്ടത്.
എന്നാൽ 19-ാം മിനിറ്റ് മുതൽ അർജന്റീനയ്‌ക്ക് അടിപതറാൻ തുടങ്ങി. പരാഗ്വെയ്‌ക്ക് വേണ്ടി ആന്റോണിയോ സനാബ്രിയ ആദ്യ ഗോൾ നേടി. 47-ാം മിനിറ്റിൽ ഒമർ അൽഡെറെട്ടെ വീണ്ടും അർജന്റീനയുടെ ഗോൾവല തകർത്തു. ഗുസ്താവോ ഗോമസാണ് ഗോളിന് വഴിയൊരിക്കിയത്.
പരാഗ്വെയുടെ കൂട്ടുകെട്ട് തകർക്കാനായി മത്സരത്തിന്റെ പകുതിയോടെ അർജന്റീന ഗർനാച്ചോയെയയും പരേഡെസിനെയും ഗോൺസാലോ മൊൺഡിയേലിനെയും പകരക്കാരായി ഇറക്കിയെങ്കിലും കളിക്കളത്തിൽ പൊരുതി വീഴുകയായിരുന്നു. സെപ്റ്റംബറിൽ കൊളംബിയയോടും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന തോറ്റിരുന്നു.















