റോഹ്തക്; കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ റെക്കോർഡ് നേട്ടവുമായി ഹരിയാന താരം അൻഷുൽ കാംബോജ്. ഇന്നിംഗ്‌സിൽ 10 വിക്കറ്റുകളെന്ന നേട്ടമാണ് അൻഷുൽ സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഒരു ഇന്നിംഗ്‌സിൽ പത്ത് വിക്കറ്റുകൾ വീഴ്‌ത്തുന്ന മൂന്നാമത്തെ താരമാണ് അൻഷുൽ.
291 റൺസാണ് കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ. അൻഷുലിന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന പ്രകടനമായിരുന്നു ഇത്. 30 ഓവർ എറിഞ്ഞ അൻഷുൽ 49 റൺസ് മാത്രമാണ് വിട്ടുനൽകിയത്. രണ്ടാം ദിനമായ ഇന്നലെ വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റുകളുമായിട്ടാണ് അൻഷുൽ പവലിയനിലേക്ക് മടങ്ങിയത്. കേരളത്തിന് വേണ്ടി ഷോൺ റോജർ(37), ബേസിൽ തമ്പി(4) എന്നിവരായിരുന്നു ക്രീസിൽ. ഇരുവരുടെയും വിക്കറ്റുകൾ കൂടി വീഴ്‌ത്തിയാണ് അൻഷുൽ മൂന്നാം ദിനത്തിൽ അപൂർവ്വ നേട്ടം എത്തിപ്പിടിച്ചത്.
രഞ്ജി ട്രോഫിയിൽ ഒരു ഹരിയാന ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2004-2005 സീസണിൽ ജോഗിന്ദർ ശർമ്മ എട്ട് വിക്കറ്റുകൾ വീഴ്‌ത്തിയതായിരുന്നു ഇതുവരെ ഒരു ഹരിയാന താരത്തിന്റെ മികച്ച പ്രകടനം.
കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും അൻഷുലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയടീമിലേക്ക് ഉൾപ്പെടെ അൻഷുലിന് വഴിതുറക്കുന്ന പ്രകടനമാണിത്. ഹരിയാനയിലെ കർണാലിൽ നിന്നുളള താരമാണ്.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മൂന്ന് താരങ്ങളാണ് ഒറ്റ ഇന്നിംഗ്‌സിൽ പത്ത് വിക്കറ്റുകളും വീഴ്‌ത്തിയിട്ടുളളത്. ഇന്ത്യൻ താരം അനിൽ കുംബ്ലെ, ഇംഗ്ലണ്ടിന്റെ ജിം ലേക്കർ, ന്യൂസിലൻഡ് താരം അജാസ് പട്ടേൽ എന്നിവരാണത്.















