ന്യൂഡൽഹി: വായുമലിനീകരണതോത് ഉയർന്നതോടെ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് ഡൽഹി. രാജ്യതലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്രൈമറി സ്കൂളുകൾ ഇതിനോടകം ഓൺലൈൻ ക്ലാസുകളിലേക്ക് മാറിക്കഴിഞ്ഞു. ഓഫ് ലൈൻ ക്ലാസിനെത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ. ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കാണ് നിർദേശം.
സ്കൂളിലെത്തിയാൽ വിദ്യാർത്ഥികൾ പുറത്തിറങ്ങരുത്. ഗ്രൗണ്ടിലിറങ്ങിയുള്ള പ്രവർത്തനങ്ങളൊന്നും വേണ്ട. ഒഴിവുപിരീഡുകളിലും കായിക പിരീഡിലും സ്കൂൾ കെട്ടിടത്തിനകത്ത് തന്നെ ചെലവഴിക്കേണ്ടതാണ്. വായന, ചിത്രംവര, കരകൗശല വസ്തുക്കളുടെ നിർമാണം, ചെസ്-കാരംസ് തുടങ്ങിയ വിനോദങ്ങൾ എന്നിവയിൽ കുട്ടികൾക്ക് ഏർപ്പെടാം.
ആൻ്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണം കൊണ്ടുവരാൻ ശ്രദ്ധിക്കുക, നിർജലീകരണം തടയാൻ വെള്ളം കുടിച്ചുകൊണ്ടിരിക്കുക, N95 നിർബന്ധമായും ധരിക്കുക, ക്ലാസ് മുറികളുടെ വാതിലും ജനലുകളും അടച്ചിടുക, ആസ്ത്മ അടക്കമുള്ള ശ്വസനരോഗങ്ങളുള്ള വിദ്യാർത്ഥികളെ പ്രത്യേകം ശ്രദ്ധിക്കുക തുടങ്ങിയ മാർഗനിർദേശങ്ങളാണ് വ്യത്യസ്ത സ്കൂളുകളിൽ നിന്നുള്ള അധികൃതർ വിദ്യാർത്ഥികൾക്കായി പുറപ്പെടുവിച്ചിരിക്കുന്നത്.