ഒട്ടാവ: ഹിന്ദുക്കളെ ആക്രമിച്ച കനേഡിയൻ പൊലീസുകാരന് ക്ലീൻചിറ്റ് നൽകി കാനഡ. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിനെതിരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിൽ പ്രതിഷേധിച്ച ഹിന്ദുവിശ്വാസികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് കനേഡിയൻ പൊലീസുകാരന് ക്ലീൻ ചിറ്റ് ലഭിച്ചത്.
എക്സിൽ വൈറലായ വീഡിയോയിൽ പൊലീസുകാരൻ പ്രതിഷേധക്കാരെ ഉപദ്രവിക്കുന്നത് വ്യക്തമായിരുന്നു. ബ്രാംപ്ടൺ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറിയ ഖാലിസ്ഥാൻ ഭീകരവാദികൾ അവിടെയുണ്ടായിരുന്ന ഭക്തജനങ്ങളെ അടക്കം ക്രൂരമായി മർദ്ദിച്ചിരുന്നു. സംഭവത്തിനെതിരെ പ്രതിഷേധിക്കാൻ അണിനിരന്ന ഹിന്ദുക്കളെയാണ് കനേഡിയൻ പൊലീസുകാരനായ ഹരീന്ദർ സോഹി മർദ്ദിച്ചത്. പ്രതിഷേധക്കാരുടെ തലയിൽ ഇടിക്കുകയും ബാറ്റൺ ഉപയോഗിച്ച് തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേസമയം സോഹിയെ പിന്തുണയ്‌ക്കുന്ന സമീപനമായിരുന്നു അവിടെയെത്തിച്ചേർന്ന മറ്റ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
സംഭവത്തിൽ അതിരൂക്ഷ വിമർശനം ഉയരുകയും പൊലീസുകാരനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. കാനഡയിലെ പീൽ പൊലീസിലെ ഉദ്യോഗസ്ഥനാണ് സോഹി. ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളിലും മാർച്ചുകളിലും ഇയാൾ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മാർച്ചിൽ പങ്കെടുത്തതിന് ഇയാൾ സസ്പെൻഷൻ നടപടിയും നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഹിയെ ഖാലിസ്ഥാൻ വാദിയെന്നാണ് ഹിന്ദുസമൂഹം വിമർശിക്കുന്നത്. എന്നാൽ സോഹി തെറ്റുകാരനല്ലെന്ന നിലപാടിലാണ് കാനഡയിലെ പീൽ പൊലീസ്.
പ്രതിഷേധക്കാർ പ്രകോപിതരായതോടെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനായി ഇടപെടലുകൾ നടത്തുക മാത്രമാണ് പൊലീസുകാരൻ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ്, സോഹിക്ക് കനേഡിയൻ പൊലീസിന്റെ ക്ലീൻ ചിറ്റ് ലഭിച്ചത്.