റാഞ്ചി: ജെഎംഎം (ഝാർഗണ്ഡ് മുക്തി മോർച്ച) ജനങ്ങൾക്കിടയിൽ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി അവർ ജനങ്ങളെ കബളിപ്പിക്കുകയാണന്നും ജനങ്ങളുടെ പണം ചെലവാക്കുന്നതിൽ പ്രതിപക്ഷ പാർട്ടികൾക്ക് യാതൊരു ആശങ്കകളുമില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ധൻബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇടയ്‌ക്കിടെ തെരഞ്ഞെടുപ്പുകൾ നടക്കുന്നു. കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിൽ യാതൊരു ആശങ്കയുമില്ല. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന പണമാണിത്. ഇതിന്റെ വില പ്രതിപക്ഷങ്ങൾക്ക് അറിയില്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് തെരഞ്ഞെടുപ്പിന് ജനങ്ങളുടെ പണം വിനിയോഗിക്കുന്നതിൽ വലിയ ആശങ്കയുണ്ട്. ഇത് ഇനിയും തുടരാൻ പാടില്ലെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. നിയമസഭ, ലോക്‌സഭ, ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തും. ഇതിലൂടെ പൊതുപണം സംരക്ഷിക്കാൻ സാധിക്കും. ഇതിനെ കുറച്ച് ഇതുവരെ ആരും ചിന്തിച്ചിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അത് ചിന്തിച്ചു. പ്രതിപക്ഷ പാർട്ടികൾ കള്ളം പറഞ്ഞ് വോട്ട് നേടാൻ മാത്രമാണ് എപ്പോഴും ശ്രമിക്കുന്നത്. രാജ്യത്തെ എവിടേക്ക് കൊണ്ടുപോകാനാണ് പ്രതിപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല.
ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി സുപ്രധാന തീരുമാനങ്ങൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ചിട്ടുണ്ട്. റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി ഒരുപാട് ശ്രമങ്ങൾ നടത്തിയരുന്നു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് എന്ത് പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും അതെല്ലാം പരിഹരിക്കാൻ പ്രധാനമന്ത്രി ഉണ്ടാകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള ഉന്നതതല സമിതിയുടെ നിർദേശം ഈ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.