അമൃത്സർ: എൻസിപി നേതാവും മഹാരാഷ്‌ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഫാസിൽകയിൽ നിന്ന് പഞ്ചാബ് പൊലീസും മഹാരാഷ്‌ട്ര പൊലീസും സംയുക്തമായി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്.
ഫാസിൽക ജില്ലയിലെ പക്ക ചിഷ്‌തി സ്വദേശിയായ ആകാശ് ഗില്ലാണ് (22) അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 24 ആയി. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളയാളാണ് ഗിൽ എന്നും പൊലീസ് അറിയിച്ചു.
ക്വട്ടേഷൻ സംഘത്തിന് ആവശ്യമായ ലോജിസ്റ്റിക് സഹായം നൽകിയ വ്യക്തിയാണ് ആകാശ് ഗില്ലെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി. ബാബ സിദ്ദിഖ് കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കായി ആകാശ് ഗില്ലിനെ മുംബൈ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. 66-കാരനായ എൻസിപി നേതാവ് ബാബ സിദ്ദിഖിനെ ഒക്‌ടോബർ 12നാണ് വെടിവച്ച് കൊന്നത്. മകൻ സീഷാൻ സിദ്ദിഖിന്റെ മുംബൈയിലുള്ള ഓഫീസിന് പുറത്തുവച്ചായിരുന്നു ആക്രമണം.















