ന്യൂഡൽഹി: രാഹുൽ ഗാന്ധി നിരുത്തരവാദപരമായി സംസാരിക്കുന്ന കോൺഗ്രസ് നേതാവാണെന്നും ആരും അദ്ദേഹത്തെ ഗൗരവത്തിലെടുക്കാറില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുലിന്റെ പരാമർശത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. സ്ഥാനമൊഴിയുന്ന യുഎസ് പ്രഡിഡന്റ് ജോ ബൈഡനെപ്പോലെ മോദിക്ക് ഓർമ്മക്കുറവുണ്ടെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
“രാഹുൽ ഗാന്ധി സംസാരിക്കുന്നത് ആരും ഗൗരവമായി എടുക്കാറില്ല. അയാളുടെ അഭിപ്രയങ്ങൾ ആരും അങ്ങനെ കാര്യമായെടുക്കേണ്ടതില്ലെന്നാണ് ഞാനും കരുതുന്നത്,” നിതിൻ ഗഡ്കരി പറഞ്ഞു. യഥാർത്ഥ വിഷയം ഗ്രാമങ്ങളുടെയും പാവപ്പെട്ടവരുടെയും കർഷകരുടെയും ക്ഷേമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമുഖ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗഡ്കരിയുടെ പ്രതികരണം.
പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നുണകളിൽ അധിഷ്ഠിതമാണെന്ന് ജനങ്ങൾക്ക് മനസിലായിക്കഴിഞ്ഞു. നവംബർ 20 ന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലെ ജനങ്ങൾ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തെ വിജയിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെന്നും അവിടെ ജാതിക്കോ മതത്തിനോ സ്ഥാനമില്ലെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.