ഇടുക്കി: ഹൈറേഞ്ചിൽ നിന്നും ചന്ദനമരം കടത്തിയ സംഭവത്തിൽ മുൻ പൊലീസ് തണ്ടർബോൾട്ട് ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ. ഇടുക്കി നെടുങ്കണ്ടം സന്യാസിയോടയിലാണ് സംഭവം. ചന്ദനമരം ചെറിയ കഷ്ണങ്ങളാക്കി വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അഞ്ച് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തത്. 55 കിലോയോളം ചന്ദന കാതലും പിടിച്ചെടുത്തിട്ടുണ്ട്.
ചന്ദനം കടത്താൻ ശ്രമിക്കുന്നതിനിടെ മുൻ പൊലീസ് തണ്ടർബോൾട്ട് ഉദ്യോഗസ്ഥനെ വനംവകുപ്പ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുതതിൽ നിന്നാണ് കൂടുതൽ പേരിലേക്ക് അന്വേഷണം എത്തിയത്. നെടുങ്കണ്ടം സ്വദേശികളായ ബാബു, ഹസൻ, സച്ചു, അജികുമാർ, ഷിബു എന്നിവരാണ് അറസ്റ്റിലായത്. ഹൈറേഞ്ചിൽ നിന്നും ചന്ദനം കടത്തുന്നവരിൽ പ്രധാനികളാണ് ഇവരെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ചന്ദനക്കടത്ത് കേസിൽ കുമളി ഫോറസ്റ്റ് റേഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് മറ്റ് പ്രതികൾ കൂടി അറസ്റ്റിലായത്. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ മുഖ്യസൂത്രധാരൻ ഒളിവിലാണ്. ഇയാൾ കേരളം വിട്ടിട്ടുണ്ടെന്നാണ് സൂചന. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.