യുക്രെയ്ൻ-റഷ്യ പോരാട്ടം 1000 ദിവസം പിന്നിടുന്നു. 2022 ഫെബ്രുവരി 24ന് തുടങ്ങിയ പോരാട്ടം ഇന്നും അവസാനമില്ലാതെ തുടരുന്നതിൽ പല ലോകരാജ്യങ്ങളും ആശങ്കയറിയിച്ചിട്ടുണ്ട്. പോരാട്ടത്തിൽ ആയിരക്കണക്കിന് യുക്രെയ്ൻ പൗരന്മാർ മരിക്കുകയും, അറുപത് ലക്ഷത്തോളം പേർ അഭയാർത്ഥികളായി മാറുകയും ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുക്രെയ്‌നിൽ റഷ്യ നടത്തിയ അധിനിവേശത്തിന് ശേഷം രാജ്യത്തെ ജനസംഖ്യ നാലിലൊന്നായി കുറഞ്ഞു. രണ്ട് വർഷമായി തുടരുന്ന യുദ്ധം രാജ്യത്തിന്റെ ജിഡിപി വളർച്ചയേയും പ്രതികൂലമായി ബാധിച്ചു.
സൈനികതലത്തിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചുണ്ടെന്നാണ് വിവരം. എങ്കിൽ പോലും ഈ കണക്കുകൾ ഇരുകൂട്ടരും അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ വിദേശരാജ്യങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുവശത്തും ലക്ഷക്കണക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. ജനുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മടങ്ങിവരുമ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചേക്കാമെന്നാണ് ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും, 33 മാസമായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ ഗതി മാറ്റാൻ അതുകൊണ്ട് സാധിച്ചേക്കില്ലെന്നാണ് മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം റഷ്യയ്‌ക്ക് സൈനിക പിന്തുണ നൽകാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ വിവിധ രാജ്യങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. 11,000ത്തിലധികം ഉത്തരകൊറിയൻ സൈനികരെയാണ് റഷ്യ ഇപ്പോൾ അതിർത്തി മേഖലകളിലായി വിന്യസിച്ചിരിക്കുന്നത്. കുർസ്‌ക് മേഖലയിൽ യുക്രെയ്ൻ സൈന്യവും ഉത്തരകൊറിയൻ സൈനികരും തമ്മിൽ ഏറ്റുമുട്ടിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ റഷ്യൻ മന്ത്രിസഭാംഗമായ അലക്സാണ്ടർ കോസ്ലോവുമായി കൂടിക്കാഴ്ച നടത്തിയതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരകൊറിയയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. റഷ്യൻ മിലിട്ടറി അക്കാദമിയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവും ഇവിടെ എത്തിയിരുന്നു. റഷ്യയിലേക്ക് സൈനികരെ അയയ്‌ക്കുന്നതിന് പകരമായി ഉത്തരകൊറിയയുടെ ആണവായുധ പദ്ധതിക്ക് സാങ്കേതികവിദ്യയുടെ പിന്തുണ നൽകാനുള്ള ശ്രമങ്ങളാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉള്ളതെന്നാണ് വിവരം.















