പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് പദ്മജാ വേണുഗോപാൽ. തന്റെ അമ്മയെ രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചപ്പോൾ ഒരു കോൺഗ്രസുകാരനും അത് തടഞ്ഞില്ലെന്ന് പദ്മജ വിമർശിച്ചു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു പദ്മജയുടെ പ്രതികരണം.
ഇന്നലെ വന്ന പയ്യൻ എന്റെ അമ്മയ്‌ക്കെതിരെ പറഞ്ഞപ്പോൾ ഒരു കോൺഗ്രസ് നേതാവും എതിർത്തില്ല. ആകെ എന്തെങ്കിലും പറഞ്ഞത് രമേശ് ചെന്നിത്തല മാത്രമാണ്. കോൺഗ്രസുകാരുടെ മാത്രം അമ്മയായിരുന്നില്ല എന്റെ അമ്മ. അവർക്ക് ഏതെങ്കിലും പാട്ടിയോടോ മതത്തോടോ ജാതിയോടോ കൂടുതൽ മതിപ്പ് ഉണ്ടായിരുന്നില്ല. എന്റെ അമ്മ എല്ലാവരുടെയും അമ്മയായിരുന്നു. മാർക്സിസ്റ്റ് പാർട്ടി ആണെങ്കിലും അമ്മയ്‌ക്കെതിരെ പറഞ്ഞിട്ടില്ല. അവരെല്ലാം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എന്റെ അമ്മ.
അങ്ങനെയുള്ള അമ്മയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഇത്രമോശമായി സംസാരിക്കുമ്പോൾ മകളെന്ന നിലയിൽ എന്റെ നെഞ്ചുപൊട്ടുകയാണ്. ഇത്രയൊക്കെയായിട്ടും മാപ്പ് പറയാൻ പോലും രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ തയ്യാറായിട്ടില്ല. ”പറ്റിപ്പോയി ചേച്ചീ” എന്നൊന്ന് പറയാൻ ഇതുവരെ അയാൾ തയ്യാറായില്ല. ഇത്രയും അഹങ്കാരമുള്ള ഒരാളെയാണോ പാലക്കാട് എംഎൽഎ ആയി വേണ്ടത്?
അതുപോലെ ഷാഫിയോട് പറയാനുള്ളത്, ഷാഫീ… ഇത് കോൺഗ്രസാണ്. ഇവിടെ ഇങ്ങനെ ഓടിനടന്ന് ക്ഷീണിച്ച് പൈസയും ചിലവാക്കി ഓടിയതുകൊണ്ട് ഒരു കാര്യവുമില്ല. ഷാഫിക്ക് ആദ്യത്തെ കുത്ത് കിട്ടാൻ പോകുന്നത് രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് തന്നെയായിരിക്കും. അണികൾ ഒരിക്കലും ചതിക്കില്ല. പക്ഷെ ഇപ്പോഴുള്ള യുവനേതാക്കളാരും വിശ്വസിക്കാൻ കഴിയുന്നവരല്ല. – പദ്മജ പറഞ്ഞു.