എറണാകുളം: വഖ്ഫ് ഭീകരതക്കെതിരെ ഏകദിന ഉപവാസ പ്രാർത്ഥനയുമായി ന്യൂനപക്ഷ മോർച്ച. കൊച്ചിയിൽ ഹൈക്കോടതി ജംഗ്ഷനിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണന്‍ പറഞ്ഞു. മുനമ്പത്തെ പാവങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ വന്‍ ജനപങ്കാളിത്തത്തോടെയുള്ള സമരത്തിന് ബിജെപി നേതൃത്വം നൽകുമെന്നും ഉപവാസ പ്രാർത്ഥന ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ലത്തീൻ മെത്രാൻ സഭയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് നേതാക്കൾ സംസ്ഥാന സർക്കാരിന്റെ വക്താക്കളായാണ് സംസാരിച്ചത്. മുനമ്പത്തുള്ള മത്സ്യത്തൊഴിലാളികളായ ക്രൈസ്തവ സഹോദരങ്ങൾക്ക് താമസിക്കാൻ സർക്കാരിന്റെ ഔദാര്യം എന്തിനാണ്. ഞങ്ങളുടെ ശവത്തിൽ ചവിട്ടി മാത്രമേ മത്സ്യത്തൊഴിലാളികളെ സർക്കാരിന് ഇവിടെ നിന്നും ഒഴിപ്പിക്കാനാകൂ. ഞങ്ങൾ ശക്തമായി മുന്നോട്ട് പോകും. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും ജനപങ്കാളിത്തത്തോടെ സമരത്തിന് ഞങ്ങൾ മുന്നിട്ടിറങ്ങും”- എ എൻ രാധാകൃഷ്ണന്‍ പറഞ്ഞു.
മുനമ്പം വിഷയം ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ന്യൂനപക്ഷ മോർച്ചയാണെന്നും പാവപ്പെട്ട ജനങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി ജോസഫ് പറഞ്ഞു.
വഖ്ഫ് അധിനിവേശ ഭീഷണി നേരിടുന്ന മുനമ്പം ജനയതുടെ നീതിയ്‌ക്ക് വേണ്ടിയാണ് ന്യൂനപക്ഷ മോർച്ച ഏകദിന ഉപവാസ പ്രാർത്ഥന ആരംഭിച്ചത്. ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി ജോസഫിന്റെ നേതൃത്വത്തിലാണ് ഉപവാസ പ്രാർത്ഥന സംഘടിപ്പിച്ചത്.