ആലപ്പുഴ: സിപിഎം ആലപ്പുഴ കാർത്തികപള്ളി ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കടുത്ത വിമർശനം. പിണറായി ആണ് പാർട്ടി എന്ന ശൈലി ശരിയല്ലെന്നും വിമർശനത്തിന് അതീതനാണ് മുഖ്യമന്ത്രി എന്ന ധാരണ പരത്തുന്നുണ്ടെന്നുമാണ് വിമർശനം.
എല്ലാ കാര്യങ്ങളിലും പ്രതികരിക്കാൻ മന്ത്രി റിയാസിനെ ആരാണ് ചുമതലപ്പെടുത്തിയത്? പാർട്ടിക്കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് മന്ത്രി റിയാസല്ലെന്നും ഏരിയ സമ്മേളനത്തിൽ വിമർശനം ഉന്നയിക്കപ്പെട്ടു. ജില്ലാ സെക്രട്ടറി ആർ നാസറിന്റെയും മൂന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിമർശനം ഉന്നയിച്ചത്.
സിപിഎം എന്നാൽ പിണറായി വിജയനാണെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇതിനോടുള്ള കടുത്ത വിയോജിപ്പ് പുറത്തുപ്രകടിപ്പിച്ച് ആലപ്പുഴ കാർത്തികപള്ളി ഏരിയ കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്. പാർട്ടിയിൽ മുതിർന്ന നേതാക്കൾ ധാരാളം ഉണ്ടായിട്ടും മുഹമ്മദ് റിയാസിന് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായ ശേഷം റിയാസിന് പാർട്ടിയിൽ കൂടുതൽ സ്ഥാനമാനങ്ങൾ ലഭിക്കുന്നുണ്ടെന്നും അർഹതപ്പെട്ടവർ തഴയപ്പെടുന്നുണ്ടെന്നും വിമർശനമുണ്ട്. മുഖ്യമന്ത്രിയുടെ പിൻഗാമിയാകാൻ റിയാസിന് വഴിയൊരുക്കുകയാണ് പിണറായി എന്ന ആക്ഷേപവും നിലനിൽക്കുന്നതിനിടെയാണ് കാർത്തികപള്ളി ഏരിയ സമ്മേളനത്തിൽ വിമർശനമുണ്ടാകുന്നത്.















