മഹാരാഷ്‌ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിടാൻ വരിനിൽക്കെ സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ബീഡ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ബാലസാഹേബ് നാരായൺ ഷിൻഡെ(43) ആണ് മരിച്ചത്. 31 പേരാണ് ഈ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഛത്രപതി ഷാഹു വിദ്യാലയത്തിലെ പോളിംഗ് സ്റ്റേഷനിലാണ് ഇയാൾ വോട്ടിടാൻ എത്തിയത്.
ഇവിടെ വരി നിൽക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ആദ്യം കാകു നാന ആശുപുത്രിയിലും പിന്നീട് ഛത്രപതി സംഭാജി നഗർ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു. കൂടുതൽ ദുരൂഹതകളില്ലെന്നും അവർ വ്യക്തമാക്കി. 288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും എൻ.ഡി.എ അധികാരത്തുടർച്ച നേടുമെന്ന് സർവ്വെ ഫലം. മെട്രിസ് സർവ്വെയിലാണ് മഹായുതിക്ക് ഭരണം പ്രവചിക്കുന്നത്.















