ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്ക് നാളെ ഓസ്ട്രേലിയയിലെ പെർത്തിൽ തുടക്കമാകും. കിരീടം നിലനിർത്താൻ ഇന്ത്യയും തിരികെ പിടിക്കാൻ ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ തീപാറും. തുടർച്ചയായ മൂന്നാം തവണ കിരീടം നേടാനാണ് ഇന്ത്യ ഇറങ്ങുന്നത്. 2018 ലും 21ലുമായിരുന്നു മുൻ പരമ്പര വിജയം. 2014-ലാണ് ഓസ്ട്രേലിയ അവസാനം കിരീടം നേടുന്നത്.
ന്യൂസിലൻഡിനോട് തോറ്റമ്പിയാണ് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വിമാനം പിടിച്ചത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള യോഗ്യതയും കയ്യാലപുറത്തായി. പ്രതീക്ഷ സജീവമാക്കണമെങ്കിൽ ഓസ്ട്രേലിയയെ നാട്ടിൽ 4-0 തോൽപ്പിക്കണമെന്ന ഭഗീരഥ പ്രയത്നമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ജസപ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. മറുവശത്ത് പേസർ പാറ്റ് കമിൻസാണ് ഓസ്ട്രേലിയയുടെ നായകൻ. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ടീമുമായാണ് ഇന്ത്യയുടെ വരവ്. അതേസമയം ഓസ്ട്രേലിയൻ നിരയിൽ പരിചയസമ്പത്തും യുവത്വവും ഒരുപോലെയുണ്ട് താനും. മത്സരങ്ങൾ ഹോട്സ്റ്റാറിലൂടെയാകും തത്സമയം സ്ട്രീം ചെയ്യുക. ഇന്ത്യൻ സമയം രാവിലെ 7.30നാകും മത്സരം ആരംഭിക്കുക.