കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കാസർകോട് നായന്മാർമൂല ആലമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പാൽ, മുട്ട മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ പാൽവിതരണം നിർത്തിവച്ചു. കഴിഞ്ഞ ദിവസമാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. എൽപി, യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കാണ് പാൽ വിതരണം ചെയ്തത്. പാലിന് രുചി വ്യത്യാസമുണ്ടെന്ന് അദ്ധ്യാപകർ ഉൾപ്പെടെ പരാതിപ്പെട്ടിരുന്നു.
സ്കൂൾ വിട്ട് വീട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. 35- ഓളം വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികളെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി പരിശോധന നടത്തി.















