അബുദാബി: ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ യിൽ 2 ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കാണ് അവധി. ഡിസംബർ 2, 3 തിയതികളിലാണ് ദേശീയദിന അവധിയെന്ന് മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. അതേസമയം ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം .
ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയദിനം. ഇതിനോടനുബന്ധിച്ചുള്ള അവധിക്ക് പുറമേ വാരാന്ത്യ അവധിദിനങ്ങളായ ശനിയും ഞായറും ചേരുമ്പോൾ ഫലത്തിൽ 4 അവധി ദിവസങ്ങൾ ലഭിക്കും. അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷം വർണാഭമാക്കാനുളള ഒരുക്കങ്ങൾ യുഎഇയിൽ പുരോഗമിക്കുകയാണ്.
‘ഈദ് അൽ ഇത്തിഹാദ്’ എന്ന പേരിലാകും ദേശീയ ദിനാഘോഷങ്ങൾ നടക്കുക. അൽ ഐനിലായിരിക്കും ഈദ് അൽ ഇത്തിഹാദിന്റെ പ്രധാന വേദി. രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അൽ ഇത്തിഹാദ് സോണുകൾ ഉണ്ടാകും .ഇതോടൊപ്പം ദുബായ് ഷാർജ ഉൾപ്പെടെ രാജ്യത്തെ വിവിധ എമിറേറ്റുകളിൽ ആഘോഷ പരിപാടികളും വെടിക്കെട്ടുമുൾപ്പെടെയുളളവയും അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു.







