കോഴിക്കോട്: നൈറ്റ് പട്രോളിങ്ങിനിടെ പൊലീസുകാരെ ആക്രമിച്ച യുവാക്കൾ പിടിയിൽ. എലത്തൂർ സ്വദേശികളായ അബ്ദുൽ മുനീർ, അൻസാർ എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സമയത്ത് ഇവർ മദ്യപിച്ചിരുന്നതായാണ് നിഗമനം. യുവാക്കൾ ലഹരിക്കടത്ത് സംഘത്തിൽ പെട്ടവരാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
കോഴിക്കോട് അരയിടത്ത്പാലം-എരഞ്ഞിപ്പാലം റോഡിൽ നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബിവറേജ് ഔട്ട്ലെറ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ കണ്ടതിനെത്തുടർന്ന് വാഹനം നിർത്തി പരിശോധനയ്‌ക്കിറങ്ങുകയായിരുന്നു. ഈ സമയത്താണ് മൂന്ന് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ നടക്കാവ് സ്റ്റേഷനിലെ നവീൻ, രതീഷ്, ഷിജിത്ത് എന്നീ പൊലീസുകാർക്ക് പരിക്കേറ്റു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അബ്ദുൾ മുനീർ, അൻസാർ എന്നിവർ പിടിയിലായത്.എലത്തൂർ വച്ചാണ് പ്രതികളെ പിടികൂടുന്നത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.















