ആഡംബര ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ നമ്മളിൽ പലർക്കും സാധിക്കണമെന്നില്ല. ആഡംബര ഹോട്ടലുകളിൽ ഭക്ഷണത്തിനൊപ്പം ഡൈനിങ് എക്സ്പീരിയൻസിന് കൂടിയാണ് പണം ഈടാക്കുന്നത്. 10 രൂപയുടെ ചായക്ക് 100 രൂപ വാങ്ങുമ്പോൾ ചായ പ്രസൻ്റ് ചെയ്യുന്ന രീതി, ജീവനക്കാരുടെ പെരുമാറ്റം, ചായപ്പൊടിയുടെ ഗുണനിലവാരം എന്നിങ്ങനെ ഡൈനിങ് എക്സ്പീരിയൻസിനും കൂടിയാണ് വിലയിടുക . രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിൽ ഒന്നാണ് മുംബൈയിലെ താജ് ഹോട്ടൽ. താജ് ഹോട്ടലിലെ ഒരു ചായയുടെ വിലയെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഭക്ഷണപ്രിയരുടെ ചർച്ച.
350 രൂപ മുതലാണ് താജ് ഹോട്ടലിലെ ചായയുടെ വില . അത് വളരെ ബേസിക് ആയ ഒരു കപ്പ് ചായയാണ്. നാടൻ ചായയോ ഹെർബൽ ചായയോ മസാല ചായയോ ഒക്കെ ഇഷ്ടം അനുസരിച്ച് ഓർഡർ ചെയ്യാം. 350 മുതൽ വിവിധ തരം ചായയും ചായ കോംബോയുമൊക്കെ ലഭിക്കും. 1800 രൂപയുടെ ചായ കോമ്പോയാണ് താജിലെ പ്രശസ്തമായ ലക്ഷ്വറി ചായ . ടാക്സ് കൂടി ആവുമ്പോൾ ഈ ചായ കോമ്പോയുടെ വില 2124 ആകും. ‘ബോം ഹൈ ടീ’ എന്നാണ് ഈ ചായയുടെ പേര്. ഇതൊരു കോമ്പോ ആണ്. ചായയ്‌ക്കൊപ്പം വട പാവ്, ഗ്രിൽഡ് സാൻഡ്‌വിച്ച്, കാജു കട്ലറ്റ് തുടങ്ങി പലതരം വിഭവങ്ങളും ഈ ചായയ്‌ക്കൊപ്പം ലഭിക്കും.
അദ്നാൻ പഠാൻ എന്ന വ്ലോഗറാണ് ഇത് തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പരിചയപ്പെടുത്തിയത്. താജ് ഹോട്ടലിൽ നിന്ന് ‘ബോം ഹൈ ടീ’ എന്ന ചായ കുടിയ്‌ക്കുന്ന അദ്നാന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താജ് ഹോട്ടലിന്റെ ഇൻ്റീരിയർ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മനോഹരമായ ഇൻ്റീരിയറുകൾ കണ്ട് താൻ ഒരു കൊട്ടാരത്തിലെത്തിയതുപോലെ തോന്നുന്നു എന്ന് അദ്നാൻ പറയുന്നുണ്ട്.
ചായ കുടിച്ചതിന് ശേഷം ജീവിതത്തിൽ ഒരു തവണയെങ്കിലും ഈ അനുഭവം അറിഞ്ഞിരിക്കണമെന്നും അദ്നാൻ പറയുന്നു. ചായയും ഒപ്പം കടികളുമൊക്കെ ലഭിച്ചെങ്കിലും ചായ ശരാശരിയാണെന്നാണ് അദ്നാന്റെ പക്ഷം. പത്തിൽ അഞ്ചാണ് അദ്ദേഹം ചായയ്‌ക്ക് നൽകിയ റേറ്റിങ്.















