പെർത്ത്: ആദ്യ സെഷനിൽ ഓസ്‌ട്രേലിയയെ 104 റൺസിന് പുറത്താക്കിയ ഇന്ത്യ പെർത്ത് ടെസ്റ്റിൽ തിരിച്ചുവരവിന്റെ പാതയിൽ. ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളായ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചേർന്ന് രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും അർദ്ധ സെഞ്ച്വറി നേടി. രാഹുലിന്റെയും ജയ്‌സ്വാളിന്റെയും സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട ലീഡ് സമ്മാനിച്ചത്. ഇന്ത്യ 53 ഓവറിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 166 റൺസെടുത്തിട്ടുണ്ട്.
രണ്ടാം ദിനം ചായയ്‌ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നിലവിൽ 152 റൺസിന്റെ ലീഡുണ്ട്. ജയ്‌സ്വാൾ 183 പന്തിൽ 88 റൺസെടുത്തിട്ടുണ്ട്. 137 ബോളിൽ 59 റൺസെടുത്ത കെ എൽ രാഹുലാണ് മറുവശത്ത്. ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയിൽ 10 ഓവറിൽ 9 റൺസ് മാത്രം വിട്ടുകൊടുത്ത പേസർ ജോഷ് ഹേസൽവുഡ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ക്യാപ്റ്റൻ ബുമ്ര തന്റെ കരിയറിലെ 11-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യയെ കളിയിലേക്ക് തിരികെകൊണ്ടുവന്നത്. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ബുമ്ര ഓസ്‌ട്രേലിയയുടെ അലക്സ് കാരിയെ പുറത്താക്കി. ശേഷിച്ച രണ്ട് വിക്കറ്റുകൾ ഹർഷിദ് റാണയും സ്വന്തമാക്കി. റാണ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റുകളും നേടി. ആദ്യ ഇന്നിങ്സിൽ 150 ന് പുറത്തായ ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്.