മുംബൈ: മഹാവികാസ് അഘാഡിയുടെ പതനം അവിശ്വസനീയമെന്ന് ചെന്നിത്തല. മഹാരാഷ്‌ട്രയിലെ ജനവിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്നും ഫലം അംഗീകരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
“മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവിശ്വസനീയമാണ്. പൊതുജനവികാരവുമായി പൊരുത്തപ്പെടാത്ത ഫലമായതിനാൽ ജനവിധി സ്വീകരിക്കാൻ കഴിയില്ല. മഹായുതിയും മഹാവികാസ് അഘാഡിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ ഈ ഫലം എങ്ങനെ വിശ്വസിക്കാനാകും? തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം ലാഡ്ലി ബെഹ്ന യോജനയിൽ അവസാനിച്ചുവെന്നാണോ പറയുന്നത്? ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലെ പൊതുജനങ്ങൾ മഹാവികാസ് അഘാഡിക്ക് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ മഹാവികാസ് അഘാഡിയുടെ വമ്പൻ നേതാക്കൾ വരെ പരാജയപ്പെട്ടുവെന്ന് കാണാം. ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്‌ട്രയിലെ പൊതുജനങ്ങൾ അംഗീകരിക്കില്ല” – രമേശ് ചെന്നിത്തല പറഞ്ഞു.
മഹാരാഷ്‌ട്രയുടെ കോൺഗ്രസ് ഇൻ-ചാർജ് ആയിരുന്നു രമേശ് ചെന്നിത്തല. ചുമതലയുടെ ഭാഗമായി കഴിഞ്ഞ ഏതാനും നാളുകൾ അദ്ദേഹം മഹാരാഷ്‌ട്രയിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയായിരുന്നു. അപ്രതീക്ഷിത തിരിച്ചടി അംഗീകരിക്കാൻ കഴിയാതെ വന്നതോടെ ഫലം വിശ്വസനീയമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെന്നിത്തല.
മഹാരാഷ്‌ട്രയിൽ 288 അംഗ നിയമസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ മഹാവികാസ് അഘാഡി പരിതാപകരമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. 230 സീറ്റുകളിലും ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം മുന്നേറി. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.















