മുംബൈ: മഹാരാഷ്‌ട്രയിലെ ജനങ്ങൾ കോൺഗ്രസ് പാർട്ടിയുടെയും മഹാ വികാസ് അഘാഡിയുടെയും പ്രീണന രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. പ്രധാനമന്ത്രിയുടെ വികസിത ഭാരത് 2047 ന്റെ ലക്ഷ്യം ത്വരിതപ്പെടുത്തുന്നതിനുള്ള നല്ല സന്ദേശമാണ് മഹായുതിയുടെ വിജയം. ജനങ്ങൾ പ്രധാനമന്ത്രിയുടെ നല്ല പ്രവർത്തനത്തത്തെ പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒരിക്കൽ കൂടി മഹായുതി ഉജ്ജ്വല വിജയം കൈവരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേവേന്ദ്ര ഫഡ്‌നവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ തുടങ്ങിയ നേതാക്കൾ ചെയ്ത നല്ല പ്രവർത്തനങ്ങളെ ജനങ്ങൾ പിന്തുണച്ചുവെന്നതിന്റെ പ്രതിഫലനമാണ് ഈ വിജയം”കേന്ദ്രമന്ത്രി പറഞ്ഞു. മഹായുതി സഖ്യത്തെ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മൃഗീയഭൂരിപക്ഷത്തോടെയാണ് ഭരണകക്ഷിയായ ബിജെപി നയിക്കുന്ന മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. ആകെ 288 നിയമസഭാ സീറ്റുകളിൽ 233 ഉം തൂത്തുവരിയാണ് മഹായുതിയുടെ വിജയം. ബിജെപി 132 സീറ്റുകൾ നേടി. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 57 സീറ്റുകളിലും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 41 സീറ്റുകളിലും വിജയിച്ചു. മഹായുതിയുടെ വിജയത്തെ തുടർന്ന് ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളിൽ പങ്കെടുത്ത പ്രധാനമന്തി മഹാരാഷ്‌ട്രയിലെ ജനങ്ങൾ കുടുംബരാഷ്‌ട്രീയത്തെ പരാജയപ്പെടുത്തിയെന്നും കോൺഗ്രസ് ഇപ്പോൾ ഒരു പരാദ പാർട്ടിയായി മാറിയെന്നും പറഞ്ഞു.















