2022 ഡിസംബർ 30, ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണ ദിവസം . പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഡല്‍ഹി – ദെഹ്‌റാദൂണ്‍ ഹൈവേയില്‍ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു.
അന്ന് ആളിക്കത്തുന്ന തീയിൽ നിന്ന് രക്ഷിക്കാൻ ഋഷഭ് പന്തിന് നേർക്ക് കരങ്ങൾ നീട്ടിയ രണ്ട് യുവാക്കളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് മാദ്ധ്യമപ്രവര്‍ത്തകനായ ഭരത് സുന്ദരേശൻ . ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപമുള്ള പഞ്ചസാര ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രജത്, നിഷു എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ പന്തിനെ കാറിൽ നിന്ന് ഇറക്കി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.
തീപിടിച്ച കാറിൽ നിന്ന് ഗ്ലാസ് വഴി പന്തിനെ പുറത്തേയ്‌ക്ക് ഇറക്കി. ആ സമയം പന്തിന്റെ ശരീരമാസകലം മുറിവുകളായിരുന്നു . ഈ സമയം അതുവഴി വന്ന ബസിലെ ജീവനക്കാരുടെ കൂടി സഹായത്തോടെ ഇരുവരും ആംബുലന്‍സ് വിളിച്ച് താരത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
പന്തിനൊപ്പം ആശുപത്രിയിലേക്ക് കൂട്ടുപോയതും ഇവര്‍ തന്നെ. ഈ സമയത്തിനുള്ളില്‍ പന്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു . വാഹനാപകടത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച പന്ത്, തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച രജതിനെയും നിഷുവിനെയും കാണാൻ എത്തിയിരുന്നു . സ്നേഹോപഹാരമായി ഇരുവർക്കും സ്കൂട്ടർ സമ്മാനമായി നൽകി. പന്തിൽ നിന്നുള്ള ഈ സ്നേഹോപഹാരത്തെ അനുസ്മരിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ സ്കൂട്ടറുകളിൽ ഋഷഭ് പന്തിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്.















