പെർത്ത്: പെർത്ത് ടെസ്റ്റിൽ കരിയറിലെ 30-ാം ടെസ്റ്റ് സെഞ്ച്വറി നേടി വിരാട് കോലി. ഇതോടെ ഒന്നരവർഷത്തെ സെഞ്ച്വറി വരൾച്ചയ്‌ക്കാണ് കോലി വിരാമമിട്ടത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ കളിക്കാരുടെ പട്ടികയിൽ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം സർ ഡൊണാൾഡ് ബ്രാഡ്മാനെ കോലി മറികടന്നു. 49 ടെസ്റ്റ് സെഞ്ച്വറികളുമായി സച്ചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ മുന്നിൽ.
കോലിയുടെ സെഞ്ച്വറിക്ക് പിന്നാലെ 487/6 എന്ന നിലയിൽ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 100 റൺസുമായി കോലിയും 38 റൺസുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് പുറത്താകാതെ നിന്നത്. നേരത്തെ, യുവതാരം യശസ്വി (161) ജയ്‌സ്വാളിന്റെ ഗംഭീര പ്രകടനമാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ നൽകിയത്.
അതേസമയം 534 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തകർച്ചയുടെ വക്കിലാണ്. 12 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് 3 വിക്കറ്റുകൾ നഷ്ടമായി. ഓസ്ട്രേലിയ അക്കൗണ്ട് തുറക്കും മുൻപേ ക്യാപ്റ്റൻ ബുമ്ര വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. അരങ്ങേറ്റക്കാരനായ ഓസീസ് യുവതാരം നഥാൻ മക്‌സ്വീനിയായിരുന്നു ആദ്യ ഇര. 3 റൺസെടുത്ത പാറ്റ് കമ്മിൻസിനെ സിറാജ് മടക്കി. പിന്നാലെ വന്ന ലബുഷെയ്നെ ബുമ്ര വിക്കറ്റിനുമുന്നിൽ കുടുക്കി. 12/3 നിലയിലാണ് ഓസീസ്.















