ഭുവനേശ്വർ: ഒഡിഷയെ ‘ വിശുദ്ധന്മാരുടെയും പണ്ഡിതന്മാരുടെയും നാട്’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പുരോഗതി സർക്കാരിന്റെ മുൻഗണനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക പുരോഗതിക്ക് വളരെയേറെ പങ്ക് വഹിച്ച സംസ്ഥാനമാണ് ഒഡിഷയെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ഒഡിഷ പർബ 2024’ നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” സന്ന്യാസികളുടെയും പണ്ഡിതന്മാരുടെയും നാടാണ് ഒഡിഷ. ഇന്ത്യയുടെ സാംസ്കാരിക അഭിവൃദ്ധിയിൽ പ്രധാന പങ്കുവഹിച്ച നാടാണിത്. ഒഡീഷയ്ക്ക് 10 വർഷം മുൻപുണ്ടായിരുന്നതിന്റെ മൂന്ന് ഇരട്ടിയാണ് കേന്ദ്രസർക്കാർ ബജറ്റ് വിഹിതമായി കണക്കാക്കിയിരിക്കുന്നത്. ഒഡിഷയെ പോലെ ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങൾ ഒരുകാലത്ത് പുരോഗതിയില്ലാത്ത സംസ്ഥാനങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വികസനത്തിന്റെ പാതയിലാണ് ഒഡീഷ ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ.”- പ്രധാനമന്ത്രി പറഞ്ഞു.
ഒഡിഷയിലെ വനവാസി സമൂഹത്തിനായി നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഒഡിഷ ഭാരതത്തിന് ശക്തമായ നേതൃത്വം നൽകി. ഇന്ന് വനവാസി വിഭാഗത്തിൽപ്പെട്ട, ഒഡിഷയുടെ സ്വന്തം മകളായ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ സേവിക്കുന്നു. ഇത് ഓരോ ഭാരതീയനെയും സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ്.
പിന്നാക്ക വിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ നിരന്തരമായി ശ്രമിക്കുന്ന പാർട്ടിയാണ് ബിജെപി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വികസനമില്ലാതെ കിടക്കുന്ന സംസ്ഥാനങ്ങളായാണ് മറ്റ് പാർട്ടികാർ കാണുന്നത്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ വളർച്ചാ യന്ത്രങ്ങളായാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്.
2036 ൽ ഒഡിഷ സ്ഥാപിതമായതിന്റെ 100-ാം വാർഷികം ആഘോഷിക്കും. കഴിഞ്ഞ വർഷത്തെ ജി20 യിൽ ഒഡീഷയുടെ കൊണാർക് ക്ഷേത്രം പ്രദർശിപ്പിച്ചിരുന്നു. ഭാരതീയ സംസ്കാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഒഡിഷയ്ക്കുള്ള സ്ഥാനം എന്നും മുൻപന്തിയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.