പാലക്കാട്: എസ്ഡിപിഐയുടെ വോട്ട് ചോദിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷത്തിൽ SDPI-യുടെ വോട്ടിന് പങ്കില്ലെന്നുമുള്ള കോൺഗ്രസ് നേതാക്കളുടെ വാദങ്ങൾ പൊളിയുന്നു. പാലക്കാട് പതിനായിരത്തോളം വോട്ടുകൾ യുഡിഎഫിന് നൽകിയെന്നാണ് എസ്ഡിപിഐ ജില്ലാ സെക്രട്ടറി തന്നെ വാർത്താസമ്മേളനം നടത്തി അറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ തങ്ങളുടെ വോട്ടുകൾ നിർണായകമായിട്ടുണ്ടെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി സഹീർ ചാലപ്പുറം വ്യക്തമാക്കി.
പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അപകടകരമായ രാഷ്ട്രീയമാണ് പയറ്റിയതെന്നും, ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാൻ ഗ്രീൻ ആർമി രൂപീകരിച്ച് മസ്ജിദുകളും ന്യൂനപക്ഷ വീടുകളും കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയെന്നും നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിവെക്കുന്നതാണ് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയുടെ തുറന്നുപറച്ചിൽ.
പാലക്കാട് പത്തായിരത്തോളം വോട്ടുകൾ യുഡിഎഫിന് നൽകി, രാഹുൽ മങ്കൂട്ടത്തിലിന്റെ വിജയത്തിൽ എസ്ഡിപിഐ വോട്ടുകൾ നിർണായകമായിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വവുമായി ചർച്ചകൾ നടന്നിരുന്നു എന്നുമാണ് ഇപ്പോൾ എസ്ഡിപിഐ പറഞ്ഞിരിക്കുന്നത്.
പാലക്കാട് മണ്ഡലത്തിലെ മതേതര വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാൻ എസ്ഡിപിഐ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ മണ്ഡലത്തിൽ മുൻതൂക്കമുള്ള പാർട്ടിക്ക് മതേതരവോട്ടുകൾ ഭിന്നിച്ചുപോകാതെ നൽകണമെന്നായിരുന്നു എസ്ഡിപിഐ നേതൃത്വത്തിന്റെ നിലപാട്. അതുപ്രകാരം രാഹുൽ മാങ്കൂട്ടത്തിലിന് വോട്ടുനൽകുകയും യുഡിഎഫിന്റെ വൻ വിജയത്തിന് കാരണമാവുകയും ചെയ്തു. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 128 ബൂത്തുകളിൽ എസ്ഡിപിഐയ്ക്ക് സ്വാധീനമുണ്ടെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.















