കൊൽക്കത്ത: സ്‌കൂൾ ജോലി തരപ്പെടുത്തി നൽകാനെന്ന പേരിൽ നിരവധി ആളുകളിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്ത് സിബിഐ. ബംഗാളിലെ മുൻ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയുടെ അനുയായി സന്തു ഗാംഗുലിയെ ആണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. സർക്കാരിന് കീഴിലുള്ള പ്രൈമറി സ്‌കൂളുകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
സിബിഐ ഓഫീസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബെഹാല സ്വദേശിയായ സന്തു ഗാംഗുലിയെ അറസ്റ്റ് ചെയ്യുന്നത്. അഴിമതിയിൽ സന്തുവിന് വലിയ പങ്കുണ്ടെന്നും, ഇതിന് കൃത്യമായ തെളിവുകൾ ലഭിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. ഇരകളുമായി ഇയാൾ പണമിടപാട് നടത്തിയതിന്റെ തെളിവുകളടക്കം ശേഖരിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അന്വേഷണത്തിന്റെ ഭാഗമായി സന്തു ഗാംഗുലിയുടെ ബെഹാലയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ബാങ്ക് ഇടപാട് രേഖകൾ കണ്ടെടുത്തിട്ടുണ്ട്. മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായിയാണ് ഇയാൾ. ചോദ്യം ചെയ്യലിൽ പലപ്പോഴും ഇയാൾ സഹകരിച്ചിട്ടില്ലെന്നും, അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിയും ഇയാളെ ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.















