മലപ്പുറം: ഐപിഎല്ലിൽ മലയാളികൾക്ക് അത്ഭുതം സമ്മാനിച്ച് മുംബൈയിലേക്കെത്തിയ താരമായിരുന്നു പെരിന്തൽമണ്ണക്കാരനായ വിഗ്നേഷ് പുത്തൂർ. അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്‌ക്കാണ് മുംബൈ വിഗ്നേഷിനെ ടീമിലെടുത്തത്. പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ഈ മലയാളി ഇടം കയ്യൻ സ്പിന്നർ.
സച്ചിൻ ബേബിക്കും വിഷ്ണു വിനോദിനും പിന്നാലെ സർപ്രൈസ് എൻട്രിയായാണ് വിഗ്നേഷ് പുത്തൂർ ഐപിഎല്ലിലേക്ക് എത്തുന്നത്. കേരളത്തിനായി അണ്ടർ 14 ,19, 23 വിഭാഗങ്ങളിൽ താരം കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് നടത്തിയ ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായതാണ് വിഗ്നേഷിന് തുണയായത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനുവേണ്ടി കളിച്ചിരുന്നു.
ഓട്ടോ ഡ്രൈവറായ സുനിൽകുമാറിന്റെയും ബിന്ദുവിന്റേയും മകനായ വിഗ്നേഷ് പെരിന്തൽമണ്ണ പി.ടി.എം ഗവൺമെൻ്റ് കോളേജിലെ പിജി വിദ്യാർത്ഥിയാണ്. 23 കാരനായ താരത്തിന് കേരള സിനീയർ ടീമിലേക്ക് വിളിയെത്തുന്നതിന് മുമ്പേയാണ് ഐപിഎല്ലിൽ അവസരം ലഭിച്ചിരിക്കുന്നത്. രോഹിത്തും ബുമ്രയുമുൾപ്പെടെയുള്ള സീനിയർ താരങ്ങൾക്കൊപ്പം മുംബൈ ജഴ്‌സിയിൽ വിഗ്നേഷ് കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.