ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോടേറ്റ പരാജയത്തിന് ശേഷം തന്റെ അനുയായികൾക്ക് വേണ്ടി മൗനം വെടിഞ്ഞ് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. 28 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോയാണ് കമലാ ഹാരിസിന്റേതായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിങ്ങളുടെ അധികാരം നിങ്ങളിൽ നിന്ന് കവർന്നെടുക്കാൻ ആർക്കും സാധിക്കില്ലെന്നും, നവംബർ അഞ്ചിന് മുൻപ് നിങ്ങൾ എത്രത്തോളം ശക്തരായിരുന്നോ ഇനിയും അതേപോലെ തന്നെയായിരിക്കുമെന്നും ഈ വീഡിയോയിൽ കമലാ ഹാരിസ് പറയുന്നു,
” ഒരു കാര്യം ഞാൻ നിങ്ങളെ എല്ലാവരേയും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്. നിങ്ങളുടെ അധികാരം നിങ്ങളിൽ നിന്ന് കവർന്നെടുക്കാൻ ആരേയും അനുവദിക്കരുത്. നവംബർ അഞ്ചിന് മുൻപ് എന്തായിരുന്നോ നിങ്ങളുടെ ശക്തി അത് ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടെന്ന് നിങ്ങൾ ഓർമ്മിക്കണം. ആളുകളെ പ്രചോദിപ്പിക്കാനുള്ള ശക്തി നിങ്ങൾ ഓരോരുത്തർക്കമുണ്ട്. അതുകൊണ്ട് നിങ്ങൾ പിന്നോട്ടുപോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ ആരേയും അനുവദിക്കരുതെന്നും” കമലാ ഹാരിസ് പറയുന്നു.
അതേസമയം കമല ഹാരിസ് വളരെ ക്ഷീണിതയായിട്ടാണ് ഈ വീഡിയോയിൽ കാണപ്പെടുന്നതെന്നും, ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘർഷങ്ങൾ അവർ അനുഭവിക്കുന്നുണ്ടോ എന്നുമുള്ള ചോദ്യങ്ങൾ ഈ വീഡിയോയ്‌ക്ക് താഴെ പലരും ഉയർത്തുന്നുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ പുറത്തുവിടാനുണ്ടായ സാഹചര്യവും നിലവിൽ വ്യക്തമല്ല. കമല ഹാരിസ് മദ്യപിച്ചിട്ട് ഇരിക്കുകയാണെന്നാണ് മറ്റൊരാൾ പറയുന്നത്. സംസാരത്തിൽ അസ്വാഭാവികത തോന്നുന്നുവെന്നും, സങ്കടപ്പെട്ടാണ് അവരുടെ സംസാരമെന്നുമാണ് മറ്റൊരു കമന്റ്.















