തിരുവനന്തപുരം: ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തെ ശക്തമായി വിമർശിച്ച് നടൻ ധർമജൻ ബോൾഗാട്ടി. താൻ മൂന്ന് മെഗാ സീരിയലുകൾ എഴുതിയ ആളാണെന്നും അതിൽ അഭിമാനമുണ്ടെന്നും പറഞ്ഞ ധർമജൻ എൻഡോ സൾഫാൻ പരാമർശം നടത്തിയ പ്രേംകുമാറും സീരിയലിലൂടെ വന്ന ആളാണെന്ന് ചൂണ്ടിക്കാട്ടി.
“ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ endosulfan എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ….” ധർമ്മജൻ ഫെയ്സ്ബുക്കിൽ
പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രേം കുമാർ സീരിയലുകൾക്കെതിരെ വിവാദ പരാമർശം നടത്തിയത്. മലയാളം സീരിയലുകളിൽ സെൻസറിംഗ് ആവശ്യമാണെന്നും ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു നടന്റെ വാക്കുകൾ. സിനിമയും സീരിയലും വെബ് സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാൽ ഒരു ജനതയെത്തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേം കുമാർ പറഞ്ഞു. മെഗാ സീരിയലുകളുടെ ദൈർഘ്യം കുറയ്‌ക്കണമെന്നും സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണെന്നുമുള്ള വനിതാ കമീഷന്റെ പഠനറിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രേംകുമാറിന്റെ പ്രതികരണം.