ന്യൂഡൽഹി: ഐസിസി മെൻസ് ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. പെർത്തിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയതിന് പിന്നാലെയാണ് റാങ്കിംഗിലും മുന്നേറ്റം. ഈ വർഷം ഇത് മൂന്നാം തവണയാണ് ബുമ്ര റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.
പെർത്ത് ടെസ്റ്റിൽ 30 റൺസിന് അഞ്ച് വിക്കറ്റും 42 റൺസിന് മൂന്ന് വിക്കറ്റും വീഴ്‌ത്തിയ ബുമ്ര ജോഷ് ഹേസൽവുഡിനെയും കഗിസോ റബാഡയെയും മറികടന്നാണ് കരിയറിലെ ഏറ്റവും മികച്ച 883 റേറ്റിംഗ് പോയിൻ്റിലെത്തിയത്. ഒരു ഇന്ത്യൻ സീം ബൗളറുടെ എക്കാലത്തെയും ഉയർന്ന റേറ്റിംഗ് പോയിൻ്റാണിത്. ഈ വർഷം ഫെബ്രുവരിയിലും ഒക്ടോബറിലും താരം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.
അതേസമയം പെർത്ത് ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യൻ നിരയിലെ ടോപ് സ്കോററായ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഹാരി ബ്രൂക്കിനെയും കെയ്ൻ വില്യംസണെയും മറികടന്ന് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. ജയ്‌സ്വാളിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. സെഞ്ച്വറി പ്രകടനത്തോടെ കോലിയും റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി. കെ.എൽ. രാഹുൽ 60-ൽ നിന്ന് 49-ാം സ്ഥാനത്തും നിതീഷ് കുമാർ റെഡ്ഡി 74-ാം സ്ഥാനത്തും എത്തിയപ്പോൾ മുഹമ്മദ് സിറാജ് ബൗളിംഗ് റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തെത്തി.
പെർത്ത് ടെസ്റ്റിലെവിജയത്തോടെ, രണ്ട് തവണ ഫൈനലിസ്റ്റുകളായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ 61.11 ശതമാനം പോയിൻ്റുമായി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 57.69 ശതമാനം പോയിൻ്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്.















