ബെംഗളൂരു: ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയിൽ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമിൽ എടുത്തില്ലെന്ന ആക്ഷേപങ്ങൾ ഉയരുന്നിനിടെയാണ് ആർസിബിയുടെ എക്സ് പേജിനെച്ചൊല്ലിയും കന്നഡവാദം ഉയരുന്നത്. മെഗാ താരലേലത്തിനു പിന്നാലെയാണ് ആർസിബി ഹിന്ദിയിലും എക്സ് പേജ് ആരംഭിച്ചത്.
പേജ് കന്നടയിലേക്ക് മാറ്റണമെന്നും കർണാടകക്കാരുടെ വികാരം മാനിക്കണമെന്നുമൊക്കെയാണ് ആരാധകരുടെ ആവശ്യം. കന്നഡ സംഘടനയായ കർണാടക രക്ഷണ വേദികെയും പ്രതിഷേധമറിയിച്ചു. അതേസമയം വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് വാർത്തകൾ പ്രചരിച്ചതോടെ ഇരട്ടി സന്തോഷത്തിലായിരുന്നു ആർസിബി ആരാധകർ.
കിരീടം നേടാനുറച്ച് ശക്തമായ ബാറ്റിംഗ്-ബൗളിംഗ് നിരയുമായിട്ടാണ് ഇത്തവണ ആർസിബി എത്തുന്നത്. കഴിഞ്ഞ എട്ടുസീസണുകളിൽ ആർസിബിയെ നയിച്ച കോലിക്ക് ടീമിനായി ഇതുവരെ ഒരു കിരീടം നേടാനായിട്ടില്ല. കോലി വീണ്ടും ക്യാപ്റ്റൻസിയിലേക്ക് തിരിച്ചുവന്നാൽ കിരീടവരൾച്ചയ്‌ക്ക് അന്ത്യം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. കോലിയുൾപ്പെടെയുള്ള 4 ബാറ്റർമാരും ഏഴ് ഓൾറൗണ്ടർമാരും 9 ബൗളർമാരും ടീമിലുണ്ട്. ഭുവനേശ്വർ കുമാർ, ഹേസൽവുഡ്, നുവാൻ തുഷാര എന്നിവരാണ് ബൗളിംഗ് നിരയിൽ അണിനിരക്കുന്നത്. പവർ ഹിറ്റർമാരായ ടിം ഡേവിഡ്, റൊമാരിയ ഷെപ്പേർഡ് എന്നിവരും ടീമിലെത്തിയിട്ടുണ്ട്.